| Thursday, 19th February 2015, 8:00 am

എച്ച്1എന്‍1 ടെസ്റ്റിന് 4,500രൂപയില്‍ കൂടുതല്‍ വാങ്ങുന്ന ലാബുകള്‍ക്കെതിരെ നടപടിയെടുക്കും: ദല്‍ഹി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ എച്ച്1എന്‍1 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗജന്യ രോഗപരീശോധനയും ടെസ്റ്റിങ് സൗകര്യവും പ്രഖ്യാപിച്ച് ദല്‍ഹി സര്‍ക്കാര്‍. പന്നിപ്പനി മരുന്നുകളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കുകയും സ്വകാര്യ ലബോറട്ടറികളില്‍ പരിശോധനയ്ക്കുള്ള ചാര്‍ജ് 4,500 രൂപയായി നിജപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച 102 പന്നിപ്പനി കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ തലസ്ഥാന നഗരിയില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം 1,781 ആയി. ഈ ആഴ്ച എച്ച്1എന്‍1 കാരണമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എച്ച്1എന്‍1 കാരണം ഈ വര്‍ഷം ആറുപേരാണ് ഇവിടെ മരിച്ചത്.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ദല്‍ഹി ആരോഗ്യമന്ത്രി സതേന്ദ്രര്‍ ജെയ്ന്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പരിശോധന, ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പന്നിപ്പനി ടെസ്റ്റുകള്‍ക്കായി 4,500 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് സംസ്ഥാന ആരോഗ്യ ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാ സ്വകാര്യ ലാബുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ലാബ് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിലവില്‍ ആവശ്യത്തിന് മരുന്നുകള്‍ കരുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ലഭ്യമാണ്.

We use cookies to give you the best possible experience. Learn more