ആലപ്പുഴ: ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ടയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലാണ് പക്ഷിപ്പനി കണ്ടെത്തിയത്.
ഇവിടെയുള്ള നൂറോളം താറാവുകള്‍ ചത്തൊടുങ്ങി. പത്തംനംതിട്ടയിലെ ആലുംതുരിത്തി വേങ്ങള്‍, പെരിങ്ങര എന്നിവിടങ്ങളിലും താറാവുകള്‍ ചത്തൊടുങ്ങി.
ആലപ്പുഴയിലെ പുറക്കാട് വട്ടക്കായല്‍, തലവടി, കൈനകരി എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ അയ്മനത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 60 പേര്‍ക്ക് ഒരു ദിവസത്തേക്കുള്ള അഞ്ച് ബോട്ടില്‍ മരുന്ന് സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മരുന്നുകള്‍ ഇന്ന് വൈകുന്നേരത്തോടെ സ്ഥലത്തെത്തുമെന്ന് ഡി.എം.ഒ അറിയിച്ചു.
പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ 14 കേന്ദ്രങ്ങളിലെ വളര്‍ത്തുപക്ഷികളെ കൊല്ലും. ഇതിനായി ദ്രുതകര്‍മസേന രൂപവത്കരിച്ചു.
ഇതിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ കരുതല്‍ മേഖല (ബഫര്‍ സോണ്‍)യായി പ്രഖ്യാപിക്കും. കരുതല്‍മേഖലയിലെ വളര്‍ത്തുപക്ഷികളെ മറ്റിടങ്ങളിലേക്ക് മാറ്റുകയും ഇവിടങ്ങളിലേക്ക് പുറത്തുനിന്ന് വളര്‍ത്തുപക്ഷികളെ കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്യും.
ചൊവ്വാഴ്ച എട്ടുമണിയോടെ താറാവുകളെ കൊന്നൊടുക്കുന്നത് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിരോധ മരുന്ന് എത്താന്‍ വൈകിയത് നടപടി വൈകിപ്പിച്ചു.
രോഗം രൂക്ഷമായ ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളില്‍ മുന്‍കരുതലായി രണ്ടു ലക്ഷത്തിലധികം താറാവുകളെ കൊല്ലാന്‍ തീരുമാനമെടുത്തെങ്കിലും ഇന്ന് തന്നെ താറാവുകളെ കൊല്ലാനാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. താറാവുകള കൊല്ലാനുള്ള നീക്കത്തോട് കര്‍ഷകര്‍ സഹകരിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.
കുട്ടനാട്ടില്‍ ഇത്തരത്തില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് സാധാരണമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരെ വ്യാപകമായി ബോധവത്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആയിരക്കണക്കിന് കര്‍ഷകരാണ് കുട്ടനാട്ടില്‍ താറാവ്കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നത്. ഇവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് പക്ഷിപ്പനി. കേന്ദ്രമാനദണ്ഡം അനുസരിച്ച് താറാവ് ഒന്നിന് 37 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുക അപര്യാപ്തമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
എച്ച് 5 വിഭാഗത്തിലെ വൈറസ് പരത്തുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സമൂലമാണ് താറാവുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. എച്ച്5 എന്‍1, എച്ച്5 എന്‍2 തുടങ്ങിയ വൈറസുകളിലേതെങ്കിലുമൊന്നാണ് താറാവുകളെ ബാധിച്ചിരിക്കുന്നതെന്നാണ് മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന വിവരം. ഈ വൈറസുകള്‍ മനുഷ്യരിലേക്കും പടരാം. സമയത്ത് ചികിത്സ കിട്ടിയില്ലെങ്കില്‍ മരണസാധ്യതയുള്ളതുമാണ്.
എന്നാല്‍, താറാവുമുട്ടയോ മാംസമോ പാചകം ചെയ്ത് കഴിക്കുന്നതിന് കുഴപ്പമില്ല. ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്താല്‍ വൈറസുകള്‍ നശിച്ചുപൊയ്‌ക്കൊള്ളുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ആലപ്പുഴയില്‍ അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളില്‍ താറാവ് വില്പന നിരോധിച്ചു.
രോഗഭീഷണിയുള്ള ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതാദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിനു മുമ്പ് 2004ല്‍ ദേശാടനപ്പക്ഷികള്‍ ധാരാളമായെത്തുന്ന കുമരകം, ശാസ്താംകോട്ട, കണ്ടച്ചിറ എന്നിവിടങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടില്ല.