ഇടുക്കി: ഏഷ്യന്‍ ഗെയിംസില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ അഞ്ചാം സ്ഥാനം നേടിയ അന്താരാഷ്ട്ര നീന്തല്‍താരം സജന്‍ പ്രകാശിന്റെ ബന്ധുക്കളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇടുക്കിയിലെ അദ്ദേഹത്തിന്റെ വീട് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിരുന്നു.
വീട്ടിലുണ്ടായിരുന്നവരെ മൂന്നുദിവസമായി കാണാനില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സജന്‍ അമ്മയ്‌ക്കൊപ്പം നെയ്‌വേലിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനും സഹോദരങ്ങളും ചെറുതുരുത്തി ഡാമിനടുത്തുള്ള വീട്ടിലായിരുന്നു താമസിച്ചത്. ഇവരെയാണ് കാണാതായത്.
32 വര്‍ഷത്തിനുശേഷം ഏഷ്യന്‍ ഗെയിംസിന്റെ ബട്ടര്‍ഫ്‌ളൈ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശ്. എന്നാല്‍ വെള്ളപ്പൊക്കം വന്നതോടെ അതിന്റെ സന്തോഷമെല്ലാം ഇല്ലാതായ അവസ്ഥയിലായിരുന്നു അദ്ദേഹം.
മൂന്നാമനായി ക്വാളിഫൈ ചെയ്തിട്ടും പ്രകാശിന് കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഫൈനലില്‍ പങ്കെടുത്ത എട്ടുപേരില്‍ അഞ്ചാമനായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. എന്നിട്ടും അദ്ദേഹത്തിന് പുതിയ ദേശീയ റെക്കോര്‍ഡ് കുറിക്കാന്‍ കഴിഞ്ഞിരുന്നു.
വെള്ളപ്പൊക്കത്തില്‍ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. “അവര്‍ ദിവസവും വിളിക്കും. ഏറെ അസ്വസ്ഥനാണ്. മത്സരത്തില്‍ ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല. ഈ സമയത്ത് അല്ലായിരുന്നെങ്കില്‍ അവന്‍ മെഡല്‍ നേടിയേനെ” എന്നാണ് അദ്ദേഹത്തിന്റെ അമ്മ ശാന്തിമോള്‍ പറഞ്ഞത്.
ഇത് മകന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന് ഭയന്ന് മാതാവ് ശാന്തിമോള്‍ ഇക്കാര്യം സാജനെ അറിയിച്ചിരുന്നില്ല.
“എന്നാല്‍ ഗെയിംസ് വില്ലേജിലെ ആരോ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അവന്‍ എന്നെ വിളിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, വീടും, ഭൂമിയും… ബന്ധുക്കളെപ്പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല.” ശാന്തിമോള്‍ പറഞ്ഞു.