[]ന്യൂദല്‍ഹി: നീന്തലിലെ ദേശിയ ചാമ്പ്യനായ അര്‍ജ്ജുന്‍ മുരളീധരന് രണ്ട് വര്‍ഷത്തെ വിലക്ക്. ഉത്തേജകമരുന്നുപയോഗിച്ചതിനാണ് താരത്തെ വിലക്കിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ )തീരുമാനം.
മാര്‍ച്ചില്‍ നടന്ന ആള്‍ ഇന്ത്യാ പോലീസ് അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ മുരളീധരന്‍ നിരോധിത മരുന്നുപയോഗിച്ചതായാണ് നാഡ കണ്ടെത്തിയത്.
ഒക്ടോബന്‍ 25 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് നാഡ അധികാരികള്‍ വ്യക്തമാക്കി. അതേസമയം വിലക്കിനെതിരെ താരത്തിന് അപ്പീല്‍ പോകാം.
പതിനഞ്ചോളം ദേശീയ കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് മുരളീധരന്‍. 50, 100, 200 ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ദേശീയ റിക്കോര്‍ഡ് ഒരു സമയത്ത് മുരളീധരന്റെ പേരിലായിരുന്നു.
200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ 2004ല്‍ ആസ്‌ട്രേലിയില്‍ വച്ച് നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയതാണ് ഏറ്റവും മികച്ച നേട്ടം.
ദക്ഷിണേഷ്യന്‍ ഗെയിംസുകളില്‍ നിരവധി തവണ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് മുരളീധരന്‍. അവസാനമായി ധാക്കയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
ഇദ്ദേഹത്തിന്റെ സഹോദരനായ അമര്‍ മുരളീധരനും സമാന സംഭവത്തിന് 2012 നവംബറില്‍ രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.