സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പുതിയ ജി.എസ്.ടി നിയമം ബാധകമാകും
national news
സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പുതിയ ജി.എസ്.ടി നിയമം ബാധകമാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th September 2021, 10:46 pm

 

ന്യൂദല്‍ഹി: സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള ഭക്ഷ്യവിതരണ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളില്‍ നിന്ന് അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

ഓര്‍ഡര്‍ എടുക്കുന്ന ഭക്ഷണശാലകള്‍ക്ക് പകരമാണ് ഉപഭോക്താക്കളില്‍ നിന്ന് അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഭക്ഷണ വിതരണ ആപ്പുകളില്‍നിന്ന് പുതിയ നികുതികള്‍ ഒന്നും ഈടാക്കുന്നില്ലെന്നും ജി.എസ്.ടി. ഈടാക്കുന്ന കേന്ദ്രം മാറുക മാത്രമാണ് ചെയ്യുന്നതെന്നും റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു.

” നിങ്ങള്‍ അഗ്രഗേറ്ററില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നുവെന്ന് കരുതുക. ഇപ്പോള്‍ റെസ്റ്റോറന്റ് നികുതി അടയ്ക്കുന്നു.

എന്നാല്‍ ചില റെസ്റ്റോറന്റുകള്‍ പണം നല്‍കുന്നില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി. ഇനി നിങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ റെസ്റ്റോറന്റിന് പകരം അഗ്രിഗേറ്റര്‍ ഉപഭോക്താവില്‍ നിന്ന് ശേഖരിച്ച് അധികാരികള്‍ക്ക് പണം നല്‍കും,” അദ്ദേഹം പറഞ്ഞു. നിലവില്‍ റസ്റ്റോറന്റുകളാണ് നികുതി നല്‍കുന്നത്.

കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്ന് ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അംഗങ്ങള്‍ നിലപാട് സ്വീകരിച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Swiggy, Zomato Impacted By New GST Rules. But Customers Won’t Pay More