|

തൊഴിൽ നികുതി നിയമലംഘനം; സ്വിഗ്ഗിക്ക് 7.59 കോടി രൂപയുടെ ആദായ നികുതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്വിഗ്ഗിക്ക് 7.59 കോടി രൂപയുടെ അസസ്‌മെന്റ് നോട്ടീസ്. പൂനെയിലെ പ്രൊഫഷണൽ ടാക്സ് ഓഫീസറുടെ ഓഫീസിൽ നിന്നാണ് സ്വിഗ്ഗിക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 1975ലെ മഹാരാഷ്ട്ര സ്റ്റേറ്റ് ടാക്സ് ഓൺ പ്രൊഫഷൻസ്, ട്രേഡ്സ്, കോളിംഗ്സ് & എംപ്ലോയ്‌മെന്റ്സ് ആക്ട് പ്രകാരം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രൊഫഷണൽ ടാക്സ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കമ്പനി ലംഘിച്ചതായി പറഞ്ഞുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ടാക്സ് ഓഫീസറുടെ ഓഫീസിൽ നിന്നും നോട്ടീസ് വന്നിട്ടുണ്ടെന്ന് സ്വിഗ്ഗി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ‘2025 ഏപ്രിൽ നാലിന്, കമ്പനിക്ക് 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കുള്ള 7,59,86,813 രൂപയുടെ ഒരു അസസ്‌മെന്റ് ഓർഡർ ലഭിച്ചു,’ സ്വിഗ്ഗി പറഞ്ഞു.

നികുതി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിനെതിരെ കോടതിയിൽ പോകുമെന്നും സ്വിഗ്ഗി കൂട്ടിച്ചേർത്തു. കോടതിയിൽ സമർപ്പിക്കാൻ ശക്തമായ തെളിവുകളുണ്ടെന്നും സ്വിഗ്ഗി പറഞ്ഞു.

വാർത്ത പുറത്ത് വന്നത് കമ്പനിയുടെ സാമ്പത്തികനിലയെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് സ്വിഗ്ഗിയുടെ വാദം. എന്നാൽ വാർത്ത പുറത്ത് വന്നതിനെ തുടർന്ന് സ്വിഗ്ഗിയുടെ ഓഹരി വില 2.32 ശതമാനം കുറഞ്ഞു. 345.20 രൂപ ഉണ്ടായിരുന്ന വില 337.20 ആയി കുറയുകയായിരുന്നു.

ആദായനികുതി വകുപ്പിൽ നിന്ന് സ്വിഗ്ഗിക്ക് ലഭിക്കുന്ന രണ്ടാമത്തെ നോട്ടീസാണിത്. 2025 മാർച്ച് 29ന് സെൻട്രൽ സർക്കിൾ ബെംഗളൂരു സ്വിഗ്ഗിക്ക് 158.28 കോടി രൂപയുടെ നോട്ടീസ് അയച്ചിരുന്നു. 1961ലെ ആദായനികുതി നിയമം സ്വിഗ്ഗി ലംഘിച്ചെന്ന് പറഞ്ഞായിരുന്നു നോട്ടീസ് അയച്ചത്.

മഹാരാഷ്ട്രയിൽ വ്യാപാരം ചെയ്യുന്നവരോ പ്രൊഫഷൻസോ, തൊഴിൽ ദാതാക്കൾക്കോ ട്രേഡിങ്ങ് നടത്തുന്നവരോ ആയ വ്യക്തികൾക്കോ കമ്പനികൾക്കോ ചുമത്തുന്ന നികുതിയാണ് പ്രൊഫഷണൽ നികുതി. സ്വിഗ്ഗി പോലുള്ള കമ്പനികൾ അവരുടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രൊഫഷണൽ നികുതി കുറയ്ക്കുകയും സർക്കാരിന് നൽകുകയും വേണം.

പ്രൊഫഷണൽ നികുതി കുറയ്ക്കുകയോ അല്ലെങ്കിൽ ഉചിതമായ തുക അടയ്ക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്‌താൽ നികുതി അധികാരികൾക്ക് ഒരു അസസ്മെന്റ് നോട്ടീസ് പുറപ്പെടുവിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിങ്, ഡെലിവറി പ്ലാറ്റ്‌ഫോമാണ് സ്വിഗ്ഗി. 2014ൽ സ്ഥാപിതമായ സ്വിഗ്ഗി, ബെംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കണക്കുകൾ പ്രകാരം 100ൽ അധികം ഇന്ത്യൻ നഗരങ്ങളിൽ സ്വിഗ്ഗി പ്രവർത്തിക്കുന്നുണ്ട്.

Content Highlight: Swiggy receives Rs 7.59 crore notice from Professional Tax body for violations