| Thursday, 30th May 2019, 2:53 pm

പൊരിവെയിലത്ത് ഓടുന്ന തൊഴിലാളികള്‍ പിഴിഞ്ഞ് സ്വിഗ്ഗി: അനിശ്ചിതകാല പണിമുടക്ക് സമരവുമായി ഡെലിവറി തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ എറണാകുളത്തെ ഡെലിവറി തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍. ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്തിട്ടും മാന്യമായ വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസ് ഉപരോധിച്ചു. മാന്യമായ ശമ്പളം ലഭിക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.

‘ദിവസവും രാവും പകലും ജോലിചെയ്ത് , കൊച്ചി സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിനു ഭക്ഷണമെത്തിക്കുന്ന ഞങ്ങളെ മാന്യമായ കൂലി തരാതെ സ്വിഗ്ഗി കമ്പനി ചൂഷണം ചെയ്യുകയാണ്. ആയതിനാല്‍ ഞങ്ങള്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തനം സ്തംഭിക്കും വിധം പണിമുടക്ക് സമരത്തിലാണ്.’ സ്വിഗിയിലെ ഡെലിവറി തൊഴിലാളികള്‍ ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നു.

കൊച്ചി നഗരത്തിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പൊരിവെയിലത്തും കുതിക്കുന്നവരാണ് തങ്ങള്‍. ദിവസം 12-13 മണിക്കൂര്‍ തൊഴിലെടുക്കുന്ന തങ്ങള്‍ക്ക് തുച്ഛമായ പ്രതിഫലമാണ് സ്വിഗ്ഗി നല്‍കുന്നത്. അതില്‍ തന്നെ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തുകയും ചെയ്യുന്നതായി ജീവനക്കാര്‍ പറയുന്നു.

നിരവധി യുവതീ യുവാക്കളാണ് ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. പലരുടെയും ഏക വരുമാന മാര്‍ഗമാണിത്. പഠന ചിലവുകള്‍ക്കുവേണ്ടിയും ഈ ജോലിയെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ കമ്പനി തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

‘ ഞങ്ങളെന്നും കാണുന്ന ഞങ്ങളുടെ കസ്റ്റമേഴ്‌സും, ഞങ്ങളുടെ സ്വന്തം ഹോട്ടലുടമകളും –ഹോട്ടല്‍ തൊഴിലാളികളും, പൊതുജനങ്ങളും, അധികാര സ്ഥാപനങ്ങളും ഈ സമരത്തിന് പിന്തുണ നല്കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ കുടുംബം പട്ടിണിയാകാത്തിരിക്കാന്‍, ഞങ്ങളുടെ വിദ്യാഭ്യാസം നിലക്കാതിരിക്കാന്‍… മാന്യമായ വേതനം ഉറപ്പാക്കും വരെ അനശ്ചിത കാലത്തേക്ക് ഞങ്ങള്‍ സമരത്തിലാണ്……’ തൊഴിലാളികള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more