കൊച്ചി: ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ എറണാകുളത്തെ ഡെലിവറി തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍. ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്തിട്ടും മാന്യമായ വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസ് ഉപരോധിച്ചു. മാന്യമായ ശമ്പളം ലഭിക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം.
‘ദിവസവും രാവും പകലും ജോലിചെയ്ത് , കൊച്ചി സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിനു ഭക്ഷണമെത്തിക്കുന്ന ഞങ്ങളെ മാന്യമായ കൂലി തരാതെ സ്വിഗ്ഗി കമ്പനി ചൂഷണം ചെയ്യുകയാണ്. ആയതിനാല്‍ ഞങ്ങള്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തനം സ്തംഭിക്കും വിധം പണിമുടക്ക് സമരത്തിലാണ്.’ സ്വിഗിയിലെ ഡെലിവറി തൊഴിലാളികള്‍ ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നു.
കൊച്ചി നഗരത്തിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പൊരിവെയിലത്തും കുതിക്കുന്നവരാണ് തങ്ങള്‍. ദിവസം 12-13 മണിക്കൂര്‍ തൊഴിലെടുക്കുന്ന തങ്ങള്‍ക്ക് തുച്ഛമായ പ്രതിഫലമാണ് സ്വിഗ്ഗി നല്‍കുന്നത്. അതില്‍ തന്നെ വെട്ടിക്കുറയ്ക്കലുകള്‍ വരുത്തുകയും ചെയ്യുന്നതായി ജീവനക്കാര്‍ പറയുന്നു.