| Monday, 10th October 2022, 1:38 pm

വേതന വര്‍ധനവ് ഉള്‍പ്പടെ 30 ആവശ്യങ്ങള്‍; തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരുടെ സൂചനാ പണിമുടക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി. ജോലി ബഹിഷ്‌കരിച്ചായിരുന്നു സമരം.

കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങളില്‍ തീരുമാനം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഡെലിവറി ജീവനക്കാരുടെ തീരുമാനം.

തങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന്റെ നിരക്ക് വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കമ്പനി അധികൃതര്‍ക്ക് ഡെലിവറി പാര്‍ട്ണര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയൊന്നും കിട്ടാതെ വന്നതോടെയാണ് സൂചനാ പണിമുടക്കിലേക്ക് കടന്നതെന്നാണ് സമരക്കാര്‍ പറയുന്നത്.

നിലവില്‍ ഒരു ഓര്‍ഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് സ്വിഗ്ഗി നല്‍കുന്നത്. ഇത് നാലര വര്‍ഷം മുന്‍പ് നിശ്ചയിച്ച നിരക്കാണ്. എന്നാല്‍ ഇന്ധന വില കുതിച്ചുയര്‍ന്ന ഘട്ടത്തിലൊന്നും നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കില്‍ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാര്‍ട്ണര്‍മാര്‍ പറയുന്നു.

കമ്പനി പുതുതായി അവതരിപ്പിച്ച സ്ലോട്ട് സമ്പ്രദായത്തിനെതിരെയും ഡെലിവറി പാര്‍ട്ണര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. നേരത്തെ ഒന്‍പതര മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴിത് 16 മണിക്കൂറായെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

രാവിലെ ഏഴ് മണിക്ക് ജോലിക്ക് പ്രവേശിക്കുന്ന ഡെലിവറി ജീവനക്കാര്‍ക്ക് പുതിയ രീതിയില്‍ രാത്രി ഡിന്നര്‍ സമയം കൂടി കഴിഞ്ഞാല്‍ മാത്രമേ ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കാനാവൂ എന്നാണ് ഇവരുടെ പരാതി.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നിയമ വിദ്യാര്‍ത്ഥികളുമടക്കം മറ്റ് ജോലികള്‍ ചെയ്ത് അധിക വരുമാനത്തിനായി പാര്‍ട് ടൈമായി ഡെലിവറി പാര്‍ട്ണര്‍മാരായി ജോലി ചെയ്യുന്നവരും ധാരാളമുണ്ട്.

എന്നാല്‍ പുതിയ സ്ലോട്ട് ബുക്കിങ് രീതിയില്‍ ഡെലിവറി പാര്‍ട്ണര്‍മാര്‍ തൊട്ടടുത്ത ദിവസം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയം മുന്‍കൂട്ടി ബുക്ക് ചെയ്യണം. എന്നാല്‍ ഇത് ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് ബുദ്ധിമുട്ടാണെന്നും സമരക്കാര്‍ പരാതിപ്പെടുന്നു.

Content Highlight: Swiggy Delivery workers Strike at Trivandum demanding increased pay

We use cookies to give you the best possible experience. Learn more