Daily News
ചരിത്രം നിങ്ങളുടെ നിശബ്ദതയ്ക്ക് മാപ്പുതരില്ല; തീവ്ര ഭരണകൂടത്തെ ഭയന്നുമാറിനില്‍ക്കുന്ന ഉദ്യോഗസ്ഥരോട് ശ്വേതാ സഞ്ജീവ് ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 24, 04:52 am
Monday, 24th June 2019, 10:22 am

 

ന്യൂദല്‍ഹി:സഞ്ജീവ് ഭട്ട് വിഷയത്തില്‍ നിലപാടെടുക്കാന്‍ ഭയക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശ്വേതാ സഞ്ജീവ് ഭട്ട്. നിങ്ങളുടെ ഭയവും ഉദാസീനതയും അങ്ങേയറ്റം അപകടകരമായ ഒരു സാഹചര്യം സ്ഥാപിക്കപ്പെടുന്നതിന് കളമൊരുക്കുമെന്നാണ് ശ്വേതാ സഞ്ജീവ് ഭട്ട് ഫേസ്ബുക്കിലൂടെ നല്‍കുന്ന മുന്നറിയിപ്പ്.

‘മിണ്ടാതിരിക്കുന്നതിലൂടെ, അവരുടെ ഭയം കാരണമോ സമ്മര്‍ദ്ദത്തിനു വഴങ്ങിയോ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ നിങ്ങള്‍ സുരക്ഷിതരാണ് എന്ന് കരുതുന്നുണ്ടെങ്കില്‍… ഒരിക്കല്‍ കൂടി ചിന്തിക്കുക. നിങ്ങള്‍ രാജ്യത്തെ ഉജ്ജ്വലമായ മനസിന് ഉടമകളാണ്. ആരെക്കാലും നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇന്ന് ഇത് സഞ്ജീവും അദ്ദേഹത്തിന്റെ കുടുംബവുമാണ്. നാളെ അത് നിങ്ങളുടെ നിങ്ങളുടെ കുടുംബവുമാകാം’ എന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

‘ഈ രാഷ്ട്രീയ ഭരണകൂടത്തിനെതിരെ നിലകൊള്ളാന്‍ ധൈര്യം കാണിച്ചതിനാണ് സഞ്ജീവിന് വ്യക്തി ജീവിതവും പ്രഫഷണല്‍ ജീവിതവും വിലകൊടുക്കേണ്ടി വരികയും കള്ളക്കേസുകളില്‍ വിചാരണ നേരിടേണ്ടിവരികയും ചെയ്യുന്നത് നിങ്ങള്‍ക്കെല്ലാം അറിയാം. നിങ്ങളെ തന്നെ സംരക്ഷിക്കാനുള്ള അവസരമാണിത്. അത് നിങ്ങള്‍ മറന്നാലും ചരിത്രം ഈ ഉദാസീനത, ഈ നിശബ്ദത മറക്കില്ല.’ ശ്വേത കുറിച്ചു.

പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കാം. പക്ഷേ അതിലും എത്ര ഭീകരമാണ് ഈ ഉദാസീനതയുടെ അപകടങ്ങളെന്നും ശ്വേത മുന്നറിയിപ്പു നല്‍കുന്നു.

വ്യാഴാഴ്ചയാണ് 1990 ലെ ഒരു കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചത്.

2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002-ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.