'ലാട്ടയല്ല ലാലേട്ടന്‍' എന്ന് ചിലര്‍ കമന്റിടും; ഞാന്‍ മാത്രമല്ല അദ്ദേഹത്തെ ആ പേരില്‍ വിളിക്കുന്നത്: ശ്വേത മേനോന്‍
Entertainment
'ലാട്ടയല്ല ലാലേട്ടന്‍' എന്ന് ചിലര്‍ കമന്റിടും; ഞാന്‍ മാത്രമല്ല അദ്ദേഹത്തെ ആ പേരില്‍ വിളിക്കുന്നത്: ശ്വേത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd June 2024, 9:42 pm

തനിക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അടുപ്പം മോഹന്‍ലാലിനോട് ആണെന്നും പറയുകയാണ് ശ്വേത മേനോന്‍. അദ്ദേഹത്തെ താന്‍ ലാട്ടാ എന്നാണ് വിളിക്കാറുള്ളതെന്നും എന്നാല്‍ അത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും താരം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്വേത.

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് കൂടുതല്‍ അടുപ്പം ലാലേട്ടനോടാണ്. ഞങ്ങള്‍ ഒരുപാട് ഷോകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഞാന്‍ ലാട്ട എന്നാണ് വിളിക്കാറുള്ളത്. എന്തിനാണ് ഞാന്‍ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് അറിയില്ല. ലാലേട്ടനും അതിനെ പറ്റി പറയാറുണ്ട്. വേറെ ആരോ ഒരാള്‍ കൂടെ അദ്ദേഹത്തെ ആ പേരില്‍ വിളിക്കാറുണ്ട്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ ലാട്ട’ എന്ന് കൊടുത്താല്‍ ചിലര്‍ ‘ലാട്ട അല്ല ലാലേട്ടന്‍’ എന്ന് കമന്റ് ചെയ്യും. അച്ഛന് ലാലേട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് അദ്ദേഹം പണ്ടൊക്കെ വീട്ടില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ക്കേ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു,’ ശ്വേത മേനോന്‍ പറഞ്ഞു.

താന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച കീര്‍ത്തിചക്രയെന്ന സിനിമയെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. സിനിമയില്‍ ശ്വേത ആതിരയെന്ന ഹ്യൂമണ്‍ റൈറ്റ്സ് ആക്ടിവിസ്റ്റായാണ് എത്തിയത്.

Also Read: ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ബാബുരാജിന് ഡയലോഗ് തെറ്റുമ്പോഴൊക്കെ അടി കിട്ടിയത് എനിക്കാണ്: എബ്രഹാം കോശി

‘കീര്‍ത്തിചക്ര എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. ഞാന്‍ മേജറിനോട് (മേജര്‍ രവി) എപ്പോഴും ഒരു കാര്യം പറയാറുണ്ട്. ഞാനാണ് ആ സിനിമ ആദ്യം സൈന്‍ ചെയ്തത്, ലാലേട്ടന്‍ പിന്നീടാണ് എന്നത്. ആ കാര്യം ഞാന്‍ എപ്പോഴും പറയാറുണ്ട്. അതായത് ഞാനാണ് സീനിയറെന്ന് (ചിരി). അദ്ദേഹം അപ്പോള്‍ മറ്റെവിടെയോ ആയിരുന്നു. പക്ഷെ ഞാന്‍ അത് എപ്പോഴും പറഞ്ഞു കൊണ്ട് നടക്കുമായിരുന്നു.

മേജര്‍ അസിസ്റ്റന്റായ സമയത്ത് തന്നെ എനിക്ക് അറിയാമായിരുന്നു. ആ സമയം ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നിന്നെ എന്തായാലും വിളിക്കുമെന്ന് മേജര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാന്‍ ആ കീര്‍ത്തിചക്രയില്‍ എത്തുന്നത്. അദ്ദേഹം ബോംബൈയില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നിട്ടാണ് ഈ സിനിമക്കായി സൈന്‍ ചെയ്യിക്കുന്നത്. ആ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ ശരിക്കും ഒരുപാട് സന്തോഷമുണ്ടായിരുന്നു,’ ശ്വേത മേനോന്‍ പറഞ്ഞു.


Content Highlight: Swetha Menon Talks About Mohanlal