|

ഞാനും വിലക്ക് നേരിട്ടു; കരാര്‍ ഒപ്പുവെച്ച ഒമ്പത് സിനിമകള്‍ നടന്നില്ല; പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുകയാണ് നടി ശ്വേത മേനോന്‍. താന്‍ സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായി നില്‍ക്കാന്‍ തയ്യാറാണെന്നും നടി പറയുന്നു. സിനിമയില്‍ അനധികൃത വിലക്കുണ്ടെന്നും തനിക്കും അത്തരത്തില്‍ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. താന്‍ കരാറില്‍ ഒപ്പുവെച്ച ഒമ്പത് സിനിമകള്‍ നടക്കാതെ പോയതിനെ കുറിച്ചും നടി പറയുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍.

‘റിപ്പോര്‍ട്ട് വന്നതില്‍ ഒരുപാട് സന്തോഷം. കുറച്ച് ലേറ്റായെന്നേ ഞാന്‍ പറയുകയുള്ളൂ. കുറേ വര്‍ഷങ്ങളായി സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഞാന്‍ പറയാറുണ്ട്. അവിടെ സ്വന്തമായി തന്നെ ഫൈറ്റ് ചെയ്യണം. ആരും കൂടെ നില്‍ക്കില്ല. സ്ത്രീകള്‍ തന്നെ സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്താല്‍ ആളുകള്‍ പുറത്തേക്ക് വരും. കാര്യങ്ങള്‍ തുറന്നു പറയും.

എനിക്ക് എന്നെ പറ്റി മാത്രമേ പറയാന്‍ പറ്റുള്ളൂ. പക്ഷെ ഒരുപാട് സ്ത്രീകള്‍ പറഞ്ഞിട്ട് അവര്‍ ഫേസ് ചെയ്തിട്ടുള്ള പ്രശ്‌നങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അമ്മയുടെ ജനറല്‍ ബോഡിയില്‍ പോകുമ്പോള്‍ എപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് ഞാന്‍ മൈക്കില്‍ പറയാറുണ്ട്. പക്ഷെ ഒരാളും വരാറില്ല.

ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്‌ട്രോങ്ങായിട്ട് നില്‍ക്കാന്‍ തയ്യാറാണ്. സിനിമയില്‍ വന്നിട്ട് എത്രയോ വര്‍ഷങ്ങളായിട്ടും കുറേ സിനിമകള്‍ ചെയ്യാത്തത് അതിന്റെ പ്രൂഫാണ്. എനിക്ക് സ്‌ട്രോങ്ങായ നിലപാട് ഉള്ളത് കൊണ്ടാണ് അത്. ചില ആളുകള്‍ എനിക്ക് സിനിമ ഓഫര്‍ ചെയ്യാറുണ്ട്. അവരോട് എനിക്ക് നന്ദിയുണ്ട്.

സിനിമയില്‍ ഇല്ലീഗല്‍ ബാനിങ് ഉണ്ടാകാം. കാരണം എനിക്കും അത്തരത്തില്‍ വിലക്ക് കിട്ടിയിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ഒമ്പത് സിനിമ സൈന്‍ ചെയ്ത ആള്‍ പെട്ടെന്ന് ആ ഒമ്പത് സിനിമയും വേണ്ടെന്ന് വെച്ചു. സൈനിങ്ങ് തുക എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ സിനിമകള്‍ ഇതുവരെ നടന്നിട്ടില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാം. ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകാം,’ ശ്വേത മേനോന്‍ പറഞ്ഞു.

Content Highlight: Swetha Menon Talks About Hema Committee Report

Latest Stories

Video Stories