Cinema
ബാബുരാജ് അമ്മയിലെ സ്ഥാനം ഒഴിയണം; ആരോപണം വന്നാല്‍ സീനിയറായാലും ജൂനിയറായാലും മാറിനില്‍ക്കണം: ശ്വേത മേനോന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാരംഗത്തെ വിവാദങ്ങള്‍ കനക്കുകയാണ്. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.
കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിനും ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്തിനും രാജിവെക്കേണ്ടി വന്നിരുന്നു. പിന്നാലെ നടന്‍ ബാബുരാജില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞ് മുന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത് വന്നിരുന്നു.
അമ്മയുടെ ജോയിന്‍ സെക്രട്ടറി ആയിരുന്ന ബാബുരാജ് സിദ്ദിഖിന്റെ രാജിക്ക് ശേഷം ആക്ടിങ് ജനറല്‍ സെക്രട്ടറിയായിരുന്നു. ബാബുരാജിന്റെ രാജിക്ക് സംഘടനയില്‍ സമ്മര്‍ദമുണ്ടെന്ന സൂചന പുറത്ത് വരുന്നുണ്ട്. ഇതിനിടയില്‍ ബാബുരാജ് അമ്മയിലെ ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പറഞ്ഞിരിക്കുകയാണ് നടി ശ്വേത മേനോന്‍. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ശ്വേത.
‘ഞാന്‍ ഇപ്പോള്‍ അമ്മയുടെ ഭാരവാഹികളുടെ ഭാഗമല്ല. കഴിഞ്ഞ ദിവസം സിദ്ദിഖിക്ക രാജി വെച്ചിരുന്നു. അദ്ദേഹം ചെയ്തിനെ ഞാന്‍ ബഹുമാനിക്കുന്നു. നമ്മളുടെ മേല്‍ ഒരു ആരോപണം വരുമ്പോള്‍ മാറി നില്‍ക്കുന്നത് തന്നെയാണ് ഉചിതം.
ആരോപണം ഉണ്ടാകുമ്പോള്‍ ആരാണെങ്കിലും അവര്‍ മാറി നില്‍ക്കണം. നിയമത്തെ നമ്മള്‍ ബഹുമാനിക്കണം. ഇതില്‍ സീനിയര്‍ ആക്ടറെന്നോ ജൂനിയര്‍ ആക്ടറെന്നോയില്ല. ആരാണെങ്കിലും ആരോപണം ഉണ്ടാകുമ്പോള്‍ മാറിനിന്നേ പറ്റുള്ളൂ,’ ശ്വേത മേനോന്‍ പറഞ്ഞു.
ബാബുരാജ് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. വേറെയും പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നും പലരും പേടി കാരണമാണ് പുറത്തുപറയാത്തതെന്നും യുവതി ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണം ബാബുരാജ് നിഷേധിച്ചു. താന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ എത്തുന്നത് തടയാനുള്ള ചിലരുടെ നീക്കമാണ് ഇതെന്നായിരുന്നു നടന്‍ പ്രതികരിച്ചത്. ആരാണ് തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നതില്‍ നിന്ന് തടയുന്നതെന്ന് ബാബുരാജ് പറയണമെന്നും ശ്വേത പറഞ്ഞു.
‘ആരാണ് അദ്ദേഹത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നതില്‍ നിന്ന് തടയുന്നത്. അത് അദ്ദേഹം തന്നെ പറയണം. പേര് പറഞ്ഞാല്‍ മാത്രമേ ഒരു കാര്യത്തില്‍ സീരിയസ്‌നെസ് ഉണ്ടാകുകയുള്ളൂ. ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ പേര് പറയണം,’ ശ്വേത മേനോന്‍ പറഞ്ഞു.
Content Highlight: Swetha Menon Talks About Baburaj