മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ശ്വേത മേനോന്‍. ഹിന്ദിയുള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അഭിനയിച്ച ശ്വേത മേനോന്‍ ഇന്ന് മലയാളത്തില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി മാറിയിരിക്കുകയാണ്.
ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി സൗഹൃദമുള്ള ശ്വേതയുടെ സഹപ്രവര്‍ത്തകയായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെന്ന് പലര്‍ക്കുമറിയില്ല.
പഴയ സഹപ്രവര്‍ത്തകയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെക്കുകയാണ് ശ്വേത. മുംബൈയിലെ വിമാനത്താവളത്തില്‍ വെച്ച് അപ്രതീക്ഷിതമായി സ്മൃതിയെ കണ്ടപ്പോള്‍ നീട്ടിവിളിച്ചുവെന്നും ചുറ്റുമുള്ളവര്‍ തിരിഞ്ഞുനോക്കിയപ്പോഴാണ് അവര്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയാണെന്ന കാര്യം ഓര്‍ത്തതെന്നും ശ്വേത പറയുന്നു.
കാന്‍ചാനല്‍മീഡിയയോടായിരുന്നു ശ്വേത ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ലോഞ്ചില്‍വച്ചാണ് അടുത്ത ബുക്ക്സ്റ്റാളില്‍ പുസ്തകങ്ങള്‍ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്.
നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാന്‍ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചിലര്‍ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവര്‍ത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി.
അവരുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസേഴ്സാണ് തുറിച്ച കണ്ണുകളുമായി നില്‍ക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്ത്തി. സ്മൃതി വേഗത്തില്‍ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു. ഞാന്‍ അവരുടെ അടുക്കലെത്തി.
ഇത്തവണ ഒരല്‍പ്പം ഭയം കലര്‍ന്ന ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നില്‍ക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവര്‍ സ്നേഹത്തോടെ എന്നെ ചേര്‍ത്തുനിര്‍ത്തി. ഞാന്‍ സെല്‍ഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു,’ ശ്വേത പറഞ്ഞു.
‘കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി ഓര്‍മ്മയില്ല. ഞാനൊരു ടെലിവിഷന്‍ ഷോയുടെ അവതാരകയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദി സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ ഷോ ഉപേക്ഷിച്ചു. എനിക്ക് പകരക്കാരിയായി അവര്‍ കണ്ടെത്തിയ പുതുമുഖമായിരുന്നു സ്മൃതി ഇറാനി.
ഇപ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന സമര്‍ത്ഥയായ ഭരണാധികാരികളില്‍ ഒരാള്‍. അഭിമാനം തോന്നുന്നു. ഇനിയും അവര്‍ക്ക് ഒത്തിരി ദൂരം മുന്നോട്ട് പോകാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ.’ ശ്വേത കൂട്ടിച്ചേര്‍ത്തു.
Content Highlight: swetha menon shares the memories with minister smrithi irani