[]കോഴിക്കോട്: കൊല്ലത്തെ വള്ളംകളി മത്സരങ്ങള്‍ക്കിടയിലുണ്ടായ സംഭവം വിവാദമായത് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് നടി ശ്വേത മേനോന്‍. മലയാളത്തിലെ മുന്‍നിര നായികമാരും യുവനായികമാരും ഇതേ അഭിപ്രായം തന്നോട് പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊല്ലത്തെ വള്ളംകളി മത്സരത്തിനിടയില്‍ പീതാംബരക്കുറുപ്പ് മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെടുത്തി ശ്വേത ഇങ്ങനെ പ്രതികരിച്ചത്.
“എന്നെ നാലഞ്ചു നടികള്‍ വിളിച്ചു. മലയാളത്തിലെ മുന്‍നിര നായികമാര്‍ മുതല്‍, യുവനായികമാര്‍ വരെ. എല്ലാവരും പറഞ്ഞത് ഒരേ കാര്യമാണ്. ഇപ്പോള്‍ ഒരു ഉദ്ഘാടനത്തിന് വിളിച്ചാല്‍ പേടിക്കാതെ പോവാം. എവിടെച്ചെന്നാലും സംഘാടകര്‍ നല്ല സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.” ശ്വേത പറഞ്ഞു.
തന്റെ ആത്മാഭിമാനത്തെ ഹനിക്കുന്ന തരത്തിലുള്ള ഇടപെടലുണ്ടായാന്‍ പ്രതികരിക്കുമെന്നും ശ്വേത തുറന്നടിച്ചു. -“ഞാന്‍ എന്തുകൊണ്ട് പ്രതികരിക്കാതിരിക്കണം. തെറ്റുചെയ്തത് ഞാന്‍ അല്ലല്ലോ. ഞാന്‍ ഒരു നടി മാത്രമല്ല. ഒരു സ്ത്രീയാണ്. ഏത് സ്ത്രീക്കും അവളുടെ ആത്മാഭിമാനമാണ് ഏറ്റവും വലുത്. ഒരു സ്ത്രീയെ ഒരു പുരുഷന്‍ തൊടുമ്പോള്‍ അവള്‍ക്ക് മാത്രമേ ആ തൊടലിന്റെ അര്‍ത്ഥം മനസിലാവൂ. ഞാന്‍ അന്ന് ക്ഷുഭിതയായി. അയാള്‍ ചീത്തയാണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. ഞാന്‍ കംഫര്‍ട്ടബിളായിരുന്നില്ല എന്നേ പറഞ്ഞുള്ളൂ. ഒരു സെലിബ്രിറ്റിയെ ഇങ്ങനെയൊരു ചടങ്ങിന് വിളിക്കുമ്പോള്‍ പ്രത്യേകിച്ചും അതൊരു സ്ത്രീയാവുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെ കടമയാണ്. അവരത് ചെയ്തില്ല. ആ അര്‍ത്ഥത്തില്‍ അവരും തെറ്റുകാരാണ്. ഞാന്‍ അതേ പറഞ്ഞുള്ളൂ.”
എന്നാല്‍ ഇതേത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ തന്നെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചര്‍ച്ചകള്‍ പോയി. സാക്ഷരകേരളത്തിന് ഇത് അപമാനമാണ്. സാക്ഷരരും ബുദ്ധിജീവികളുമുള്ള ഈ കേരളത്തില്‍ ഒരു സെലിബ്രിറ്റിയായ, സംസ്ഥാന അവാര്‍ഡ് ജേതാവായ തന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവര്‍ ഇതിലേറെ വേട്ടയാടപ്പെടുന്നുണ്ടാവില്ലേയെന്നും ശ്വേത ചോദിക്കുന്നു.
കൊല്ലത്തെ സംഭവത്തില്‍ മലയാള സിനിമ മുഴുവന്‍ തനിക്കൊപ്പം നിന്നെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
തെറ്റ് ചെയ്തയാള്‍ ടെലിവിഷനില്‍ പരസ്യമായി മാപ്പ് പറഞ്ഞുവെന്ന് അച്ഛന്‍ പറഞ്ഞതുകൊണ്ടാണ് പരാതി പിന്‍വലിച്ചത്- ” തനിക്ക് ആരോടും വ്യക്തിപരമായ വിരോധമൊന്നുമില്ല. ആരെയും ജയിലില്‍ കയറ്റണമെന്നുമില്ല.” ശ്വേത പറയുന്നു.
” 70 വയസുള്ള ഒരാള്‍ പരസ്യമായി മാപ്പ് പറയുന്നത് ചെറിയ കാര്യമല്ല. അവിടം വരെ കാര്യങ്ങളെത്തിയല്ലോ? പിന്നെ അച്ഛന്‍ വിളിച്ചുപറഞ്ഞു, നമ്മുടെ സംസ്‌കാരം വെച്ച് മാപ്പ് കൊടുക്കുന്നയാള്‍ കൂടുതല്‍ വലുതാവുമെന്ന്. എനിക്ക് അടുപ്പമുള്ളവരെല്ലാം പറഞ്ഞു. ഇത്രയും മതിയെന്ന്. അതുകൊണ്ടുമാത്രമാണ് പരാതി പിന്‍വലിച്ചത്.” ശ്വേത വ്യക്തമാക്കി.