| Saturday, 21st October 2023, 5:36 pm

'എന്റെ മകള്‍ ആണ്‍കുട്ടിയെ പോലെയാണ്; 'നീ പെണ്ണാണ്, ഇതേപോലെ നില്‍ക്കണം, അതുപോലെ നില്‍ക്കണ'മെന്ന് ഞങ്ങളാരും പറയാറില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മകൾ സബൈന ആൺകുട്ടിയെ പോലെ വളരുന്നുവെന്ന് നടി ശ്വേത മേനോൻ. എന്നാൽ താനൊരു പെൺകുട്ടിയാണെന്ന് അവൾക്കറിയാമെന്നും അത് എപ്പോഴും ഓർമപ്പെടുത്തുന്നത് ശരിയല്ലെന്നും ശ്വേത മേനോൻ പറഞ്ഞു. തന്റെ മകൾ ഒരു നല്ല വ്യക്തിയാകുന്നതിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. കേരള കൗമുദി ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്വേത മേനോൻ.

‘സബൈന ആൺകുട്ടിയെ പോലെ വളരുന്നു. താൻ പെണ്ണാണെന്ന് സബൈനക്ക് അറിയാം. എപ്പോഴും അത് ഓർമപ്പെടുത്തി കൊടുക്കുന്നത് ശരിയല്ലല്ലോ.’ നീ പെണ്ണാണ്, ഇതേപോലെ നിൽക്കണം, അതുപോലെ നിൽക്കണ’മെന്ന് ഞങ്ങളുടെ കുടുംബത്തിൽ നിന്നുമാരും പറയാറില്ല. ആദ്യം നല്ല വ്യക്തിയാകട്ടെ, എന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്. സബൈന കുറച്ച് പഠിപ്പിസ്റ്റാണ്. നാലാം ക്ലാസിൽ പഠിക്കുന്നു.

അഞ്ചു പുസ്തകങ്ങൾ എഴുതി. സോഷ്യൽ മീഡിയയിലൂടെ സബൈനയുടെ കുഞ്ഞു എഴുത്തുകൾ ആളുകൾ കണ്ടു. നല്ല വായനയുണ്ട്. കുറച്ച് ബുദ്ധിജീവിയാണ്. എന്റെ അച്ഛന് ഇംഗ്ലീഷ് സാഹിത്യത്തിൽ അവഗാഹമുണ്ടായിരുന്നു. ആ ആളിന്റെ കൊച്ചുമകൾ അല്ലേ? ഒരു ഭാഗത്തുനിന്ന് നോക്കുമ്പോൾ വള്ളത്തോൾ കുടുംബത്തിലെ പേരക്കുട്ടി. അതിന്റെയൊക്കെ അനുഗ്രഹം ഉണ്ട്,’ ശ്വേത മേനോൻ പറഞ്ഞു.

അടുത്തകാലത്ത് ശ്വേതയും പങ്കാളി ശ്രീവത്സൻ മേനോനും മകൾ സബൈനയും സമൂഹമാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് വേണ്ടി വോട്ട് ചോദിക്കുന്ന തിരക്കിലായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ നിന്ന് മനപൂർവ്വം അകലം പാലിച്ചതാണെന്നുമായിരുന്നു ശ്വേതയുടെ മറുപടി. സബൈന സാധാരണ ജീവിതം ജീവിക്കട്ടെയെന്നും അവൾ സ്വയം സെലിബ്രിറ്റി ആയി മാറട്ടെയെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.

‘അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശ്വേതയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഒന്നും കണ്ടില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാൻ അവിടെ വോട്ട് ചോദിക്കുകയായിരുന്നു അല്ലാതെ ഫോട്ടോ എടുക്കുകയല്ലായിരുന്നു എന്നും അവരോട് പറഞ്ഞു. എല്ലാ അംഗങ്ങളോടും വോട്ട് ചോദിച്ചു

. ഞാൻ വലിയ ആവേശത്തിൽ, കുട്ടികളെപ്പോലെ ഓടി ചാടി നടന്നു. ശ്രീയും ഞാനും സോഷ്യൽ മീഡിയയിൽ നിന്ന് മനപൂർവ്വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നില്ല. സബൈന സാധാരണ ജീവിതം ജീവിക്കട്ടെ. അവൾ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ, എന്റെ വിലാസം അതിന് വേണ്ട,’ ശ്വേതാ മേനോൻ പറയുന്നു.

Content Highlight: swetha menon about her daughter

We use cookies to give you the best possible experience. Learn more