| Friday, 26th July 2019, 10:40 am

ജയിലില്‍ നിര്‍ണായക സ്ഥാനത്ത് അമിത് ഷായ്ക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചു, തന്നെ നിരീക്ഷിക്കാന്‍ ആളെയൊരുക്കി; സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതെന്ന് ശ്വേതാ ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ് കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതെന്ന് ശ്വേതാ ഭട്ട്. സഞ്ജീവ് അറസ്റ്റിലാകുന്നതിന് മാസരങ്ങള്‍ക്കു മുമ്പു തന്നെ അമിത് ഷായ്ക്കുവേണ്ടപ്പെട്ടവരെ ജയിലിലെ നിര്‍ണായക സ്ഥാനത്ത് നിയമിച്ചിരുന്നെന്നും ശ്വേത പറഞ്ഞു. മനോരമ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം പറഞ്ഞത്.

‘അറസ്റ്റിനു മാസങ്ങള്‍ക്കു മുമ്പു തന്നെ അമിത് ഷായ്ക്കു വേണ്ടപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ നിര്‍ണായക സ്ഥാനങ്ങളിലേക്കു നിയോഗിച്ചിരുന്നു. ജയില്‍ ഡയറക്ടര്‍ മോഹന്‍ ഝാ, അമിത് ഷായുടെ അടുത്തയാളാണ്. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ല. അവരെല്ലാം കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു.’ ശ്വേത പറഞ്ഞു.

സദാസമയവും തന്നെ നിരീക്ഷിക്കാനും അവര്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. ‘ വീട്ടില്‍ നിന്ന് ഞാനെപ്പോള്‍ പുറത്തിറങ്ങിയാലും ഒരു പൊലീസ് വാന്‍ പിന്നാലെയുണ്ടാകും. ഇതിനു പുറമേ, മഫ്തിയിലും പൊലീസുകാര്‍ പലയിടത്തുമെത്തും. മൊബൈലില്‍ ചിത്രങ്ങളുമെടുക്കാറുണ്ട്. നിങ്ങളോട് സംസാരിക്കുന്നതിന് 15 മിനിറ്റു മുമ്പും എന്റെ വീടിനു മുന്നിലെത്തി ചിത്രങ്ങളെടുത്തു. ഞാന്‍ ഇറങ്ങിച്ചെന്നപ്പോഴേക്കും അവര്‍ സ്ഥലംവിട്ടു.’ അവര്‍ വിശദീകരിക്കുന്നു.

സഞ്ജീവ് ഭട്ടിന് കലശലായ സ്‌പോണ്ടിലെറ്റിസുണ്ടെന്നും ഓര്‍ത്തോ പീഡിക് കിടക്കയാണ് ഉപയോഗിക്കേണ്ടതെന്നും ശ്വേത പറയുന്നു. എന്നാല്‍ ജയിലില്‍ ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം പോലും ലഭ്യമാക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more