ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയുട ഇരുപതാം വാര്‍ഷികം അടുത്തു വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് കലാപത്തിന്റെ അന്വേഷണത്തെ കുറിച്ച് സമഗ്രമായി വിവരിക്കുകയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത ഇക്കാര്യം പറയുന്നത്.
‘ഗുജറാത്ത് വംശഹത്യയുടെ 20ാം വര്‍ഷത്തിലേക്കെത്തുമ്പോള്‍, ഈ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടുന്നതിനായുള്ള സഞ്ജീവിന്റെയും മറ്റ് ധീരരായ ഉദ്യോഗസ്ഥരുടെയും സമര്‍പ്പണം വിസ്മരിക്കാന്‍ എനിക്ക് കഴിയില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, നിങ്ങളും എനിക്കൊപ്പം വരാന്‍ ഞാന്‍ അഭ്യാര്‍ത്ഥിക്കുന്നു. ഒരുപക്ഷേ, സഞ്ജീവ് എന്ന വ്യക്തി ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളെ കുറിച്ചറിയുവാന്‍ ഇത് നിങ്ങളെ സഹായിക്കും,’ ശ്വേത ഫേസ്ബുക്കില്‍ കുറിക്കുന്നു.
തന്റെ കുടുംബം കുട്ടികള്‍ എന്നിവരില്‍ ഒതുങ്ങാതെ ഗുജറാത്ത് വംശഹത്യയില്‍ ജീവന്‍ പൊലിഞ്ഞു പോയവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും നീതി വാങ്ങിക്കൊടുക്കാനുള്ള പോരാട്ടത്തിലായിരുന്നു സഞ്ജീവ് എന്നും ശ്വേത പറയുന്നു.
2002ല്‍ അദ്ദേഹം ഗുജറാത്ത് സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കപ്പെട്ടതു മുതല്‍ 2018ല്‍ സഞ്ജീവിനെ അറസ്റ്റ് ചെയ്തതും പിന്നീടുള്ള കോടതി നടപടികളുമടക്കമുള്ള എല്ലാ വിവരങ്ങളും സമഗ്രമായി അക്കമിട്ടു നിരത്തിയാണ് ശ്വേത ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
സഞ്ജീവിനെ ഭരണകൂടം തടവിലാക്കിയിട്ട് 1269 ദിവസങ്ങളായെന്നും നീതിക്കുവേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങള്‍ തുടരുകയാണെന്നും ശ്വേത കുറിക്കുന്നു.
മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് വംശഹത്യ കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയതിന്റെ ഭാഗമായി 2015ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. മോദി പ്രധാനമന്ത്രിയായതിന് പിന്നാലെയായിരുന്നു സഞ്ജീവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.
ഇതിന് പിന്നാലെ നിരന്തരമായ വേട്ടയാടലുകളായിരുന്നു സഞ്ജീവ് ഭട്ടും കുടുംബവും അനുഭവിച്ചത്. ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെ ബി.ജെ.പി വേട്ടയാടാന്‍ തുടങ്ങിയത്.
2002-ന്റെ അവസാനത്തില്‍, ഗുജറാത്തിലെ അന്തരിച്ച ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ, ഗുജറാത്ത് കലാപം സംഘടിപ്പിക്കുന്നതില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് അയ്യരുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനു മുമ്പാകെ രഹസ്യമൊഴി നല്‍കിയതിന് ശേഷമുള്ള മാസങ്ങളില്‍ വധിക്കപ്പെടുകയും ചെയ്തിരുന്നു.
2003ല്‍ സഞ്ജീവ് സബര്‍മതി ജയിലിന്റെ സൂപ്രണ്ടായിരിക്കെയാണ് തുളസി റാം പ്രജാപതി എന്നയാളാണ് ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്ന വിവരം അസ്ഗര്‍ അലി എന്ന തടവുപുള്ളി വെളിപ്പെടുത്തുന്നത്.
അസ്ഗറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും കേസ് പുനരന്വേഷിക്കുന്ന നടപടിക്രമങ്ങളെ കുറിച്ചും അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായ അമിത് ഷായെ അറിയിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെടുന്ന എല്ലാ രേഖകളും ഉടന്‍ തന്നെ നശിപ്പിക്കാനായിരുന്നു അമിത് ഷായുടെ നിര്‍ദേശം.
എന്നാല്‍ സഞ്ജീവ് ഇതിന് വിസമതിക്കുകയും, അസ്ഗര്‍ അലിയുടെ വെളിപ്പെടുത്തലുകളെ കുറിച്ചും, അമിത് ഷായുമായി നടന്ന കത്തിടപാടുകളെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
എന്നാല്‍, ഒറ്റ രാത്രി കൊണ്ട് സഞ്ജീവിനെ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയില്‍ നിന്നും മാറ്റിയാണ് അമിത് ഷാ ഇതിന് പ്രതികാരം വീട്ടിയത്. എന്നാല്‍ സഞ്ജീവിനെ ചുമതലയില്‍ നിന്നും മാറ്റിയതിന് പിന്നാലെ സബര്‍മതി ജയിലിലെ ആയിക്കണക്കിന് തടവുകാര്‍ നിരാഹാരമിരിക്കുകയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരമൊരും സംഭവം ആദ്യമായിരുന്നു.
ഇതെല്ലാം കൊണ്ടു തന്നെ സഞ്ജീവ് ബി.ജെ.പിയുടെയും അമിത് ഷായുടെയും മോദിയുടെയും കണ്ണിലെ കരാടായി മാറിയിരുന്നു.
ഇതിനെല്ലാം പുറമെയാണ് 2018ല്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1990ലെ ഒരു കേസുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
ജാംനഗറില്‍ അഡിഷണല്‍ സുപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പിന്നീട് മരിച്ചത് കസ്റ്റഡിയിലെ പീഡനത്തെ തുടര്‍ന്നായിരുന്നു എന്നാണ് കേസ്.
വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് പ്രഭുദാസ് വൈഷ്ണവി ഉള്‍പ്പെടെ 150 പേരെ കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച് 10 ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ മരിക്കുകയായിരുന്നു. ആ കേസിലാണ് 2018ല്‍ ഭട്ടിനെ അറസ്റ്റ് ചെയ്തത്. 2019ല്‍ ജാംനഗര്‍ സെഷന്‍സ് ഇദ്ദേഹത്തെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്കും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ശ്വേത ഭട്ടും കുടുംബവും നിയമ പോരാട്ടം തുടരുകയാണ്.
Content Highlight: Swetha Bhatt writes about Sanjiv Bhatt