എന്റെ അമ്മയോടും അച്ഛനോടും സംസാരിക്കാന്‍ പോലും എനിക്ക് അനുവാദമുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മാധ്യമങ്ങളോട് സംസാരിക്കുക? ഈ പ്രസ്താവന ആര് കെട്ടിച്ചമച്ചതായാലും എനിക്ക് മുന്നില്‍ എല്ലാ വാതിലുകളും അടക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ അപമാനിച്ചിരിക്കുകയാണ്.
കടപ്പാട്: ഡി.എന്‍.എ
മൊഴിമാറ്റം: ജിന്‍സി
സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായി പിന്നീട് റസ്‌ക്യൂ ഹോമില്‍ കഴിയേണ്ടി വന്ന തെന്നിന്ത്യന്‍ നടി ശ്വേത ബസുവിനെ വിട്ടയക്കണമെന്ന് അടുത്തിടെയാണ് കോടതി വിധിച്ചത്. അമ്മയുടെ അപേക്ഷപ്രകാരം കോടതി ശ്വേതയെ അവര്‍ക്കൊപ്പം വിട്ടയച്ചിരിക്കുകയാണ്. റസ്‌ക്യൂ ഹോമില്‍ നിന്നും പുറത്തുവന്ന ശ്വേത ഇപ്പോള്‍ മുംബൈയില്‍ അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെക്കുറിച്ച് ശ്വേത പറയുകയാണ്. 60 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം….
എപ്പോഴാണ് വീട്ടില്‍ തിരിച്ചെത്തിയത്?
വെള്ളിയാഴ്ച വീട്ടിലേക്ക് വന്നു. എന്റേതെന്ന രീതിയില്‍ തെറ്റായ പ്രസ്താവനകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകരോടല്ലാതെ ആരോടും എനിക്ക് പരാതിയില്ല. എന്റേതെന്ന് പറഞ്ഞ് നല്‍കിയ പ്രസ്താവനകള്‍ എല്ലായിടത്തും വ്യാപിച്ചു. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. കാരണം രണ്ട് മാസം വെബ്‌സൈറ്റുകളുമായോ പത്രങ്ങളുമായോ എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ഈ പ്രസ്താവനകളെക്കുറിച്ച് ഞാനറിയുന്നത് പോലും ഇപ്പോഴാണ്.
പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും വെബ്‌സൈറ്റുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രസ്താവനകള്‍ നിങ്ങള്‍ നടത്തിയിട്ടില്ലേ?
ഇല്ല. അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ കസ്റ്റഡിയിലായിരുന്നു. എന്റെ അമ്മയോടും അച്ഛനോടും സംസാരിക്കാന്‍ പോലും എനിക്ക് അനുവാദമുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മാധ്യമങ്ങളോട് സംസാരിക്കുക? ഈ പ്രസ്താവന ആര് കെട്ടിച്ചമച്ചതായാലും എനിക്ക് മുന്നില്‍ എല്ലാ വാതിലുകളും അടക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ അപമാനിച്ചിരിക്കുകയാണ്. എന്തായാലും അതൊക്കെയാണ് സംഭവിച്ചത്. സിനിമാ മേഖലാ എപ്പോഴും എന്നെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. “സിനിമാക്കാരാണ് പണമുണ്ടാക്കാന്‍ വേശ്യാവൃത്തിയെന്ന വഴിയിലേക്ക് എന്നെ തള്ളിവിട്ടത്” എന്നത് കള്ളമാണ്. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല.
ഈ തെറ്റായ പ്രസ്താവന ഉണ്ടാക്കിയെടുത്ത മാധ്യമത്തെയും ജേണലിസ്റ്റിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. അവര്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. ഞാന്‍ പോകുന്നതിന് മുമ്പേ ഈ കെട്ടുകഥ പൊളിക്കണം.
ഏതുതരത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കാണ് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക?
ഈ രാഷ്ട്രത്തിലെ ജനങ്ങളെന്ന നിലയില്‍ നമ്മള്‍ ബുദ്ധിമുട്ടുകള്‍ കാണുന്നത് ആസ്വദിക്കുന്നു. ഈ പ്രസ്താവന ഉണ്ടാക്കിയെടുത്ത ജേണലിസ്റ്റിനോട് എനിക്ക് ചോദിക്കണം: എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് എത്രത്തോളം നിങ്ങള്‍ അറിയുമെന്ന്? ഫിലിം ഇന്റസ്ട്രിയില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. എല്ലാവരുമായും നല്ല ബന്ധമുണ്ട്. ഈ സംഭവങ്ങള്‍ക്ക് ശേഷവും സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഞാന്‍ പരിഗണിക്കപ്പെടുന്നുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി നിര്‍മിക്കാനായി ഞാന്‍ നീക്കിവെച്ചത് എന്റെ ജീവിതത്തിലെ മൂന്നര വര്‍ഷമാണ്. എന്റെ ആദ്യ തമിഴ് ചിത്രം വന്‍ വിജയമായിരുന്ന ശേഷം നിരവധി കഥാപാത്രങ്ങള്‍ ഞാന്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. കാരണം എനിക്ക് എന്റെ ഡോക്യുമെന്ററിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കവെയാണ് ഞാന്‍ വീണ്ടും അഭിനയിത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുകൊണ്ട് എനിക്കറിയണം, ഏതൊക്കെ വാതിലുകളാണ് എനിക്ക് മുന്നില്‍ അടഞ്ഞതെന്ന്? അത് വെറും കപട വികാരപ്രകടനവും വാക്കുകളുമാണ്. ബുദ്ധിയുള്ള ആര്‍ക്കും മനസിലാവും ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന്. പക്ഷെ എനിക്ക് മനസിലാവാത്തത് എന്റെ പ്രസ്താവനയായി എന്തുകൊണ്ടാണ് ഇതിനെ മറ്റുള്ളവര്‍ ഉപയോഗിച്ചതെന്നാണ്.
പക്ഷെ മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗം നിങ്ങളെ പിന്തുണച്ചിരുന്നു?
തീര്‍ച്ചയായും. അതുകൊണ്ട് എനിക്ക് വലിയ കോട്ടംതട്ടിയിട്ടില്ല. ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിയമനടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഈ കാര്യങ്ങളൊന്നും എന്നെ ഒട്ടും ബാധിച്ചിട്ടില്ല. ഇതൊക്കെ എത്രമാത്രം അനാവശ്യവും വ്യര്‍ത്ഥവുമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ജീവനോടെ അവശേഷിച്ചതില്‍ സന്തോഷമുണ്ട്. ജീവിതം കൂടുതല്‍ മനോഹരവും പ്രതീക്ഷയുള്ളതുമായി തോന്നുന്നു.
കുറ്റബോധം തോന്നുന്നുണ്ടോ?
ഞാന്‍ കുറ്റക്കാരിയാണോ അല്ലെയോ എന്ന് തിരിച്ചറിയും വരെ മാധ്യമങ്ങള്‍ എനിക്ക് വേണ്ടി കാത്തിരിക്കണം. സ്വയം പ്രതിരോധിക്കാനുള്ള അവകാശം എനിക്ക് നല്‍കണം. ഞാന്‍ റസ്‌ക്യൂ ഹോമില്‍ കഴിയുന്ന സമയത്ത് ടെലിവിഷന്‍ കാണാനോ പത്രം വായിക്കാനോ അനുമതിയുണ്ടായിരുന്നില്ല. തിരിച്ചുവന്നപ്പോള്‍ മാത്രമാണ് എന്റെ ജീവിതം കൊണ്ട് മാധ്യമങ്ങള്‍ കാണിച്ച സര്‍ക്കസിനെക്കുറിച്ച് അറിയുന്നത്.
എന്തുകൊണ്ടാണ് നിങ്ങള്‍ ഈ സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നത്?
(നിശബ്ദമാകുന്നു. ഒരു നെടുവീര്‍പ്പിന് ശേഷം മറുപടി പറയുന്നു.) ലൈംഗികതയ്ക്ക് വേണ്ടി ഏജന്റുകള്‍ വിളിച്ചിട്ടില്ല ഞാന്‍ ഹൈദരാബാദില്‍ പോയത്. ഒരു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനാണ് ഞാന്‍ അവിടെ പോയത്. വിധിയായാലും അല്ലെങ്കിലും എനിക്ക് രാവിലെ തിരിച്ചുപോകാനുള്ള ഫ്‌ളൈറ്റ് മിസ്സായി. അവാര്‍ഡ് ചടങ്ങിന്റെ സംഘാടകരാണ് എന്റെ വിമാന ടിക്കറ്റുകളും താമസചിലവുകളും വഹിച്ചിരുന്നത്. ആ ടിക്കറ്റ് ഇപ്പോഴും എന്റെ കൈവശമുണ്ട്. എന്നോട് പറഞ്ഞത് ഏജന്റ് അറസ്റ്റിലായെന്നാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യങ്ങളുടെ ഇരയാക്കപ്പെടുകയായിരുന്നു ഞാന്‍. അവിടെയൊരു റെയ്ഡ് നടന്നു… അത് ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച് പുറത്തുവന്നതൊന്നുമല്ല സത്യം.
പോലീസ് വളരെ ക്രൂരമായാണോ ചോദ്യം ചെയ്തത്?
അല്ല. പക്ഷെ കസ്റ്റഡിയിലെടുത്ത സമയത്ത് മറ്റ് തെലുങ്ക് നടിമാരുടെ (വേശ്യാവൃത്തിയില്‍ ഉള്‍പ്പെട്ട) പേര് പറയാന്‍ പോലീസ് എന്നോട് ആവശ്യപ്പെട്ടു. പല നടിമാരുടെയും പേര് പോലും എനിക്ക് അറിയില്ലായിരുന്നു. എന്തിനാണ് മറ്റ് നടിമാരെപ്പറ്റി ഞാന്‍ പറയുന്നത്? ജീവിത നിലവാരം നിലനിര്‍ത്തുന്നതിനായി എന്റെ കുടുംബം നിര്‍ബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യിച്ചുവെന്ന് പറയുന്നവരോട് ലജ്ജ തോന്നുന്നു.
അറസ്റ്റിന് ശേഷം നല്ല സമീപനമാണോ പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായത്?
തീര്‍ച്ചയായും. ഞാന്‍ റസ്‌ക്യൂ ഹോമിലായിരുന്നു. മനുഷ്യന്റെ പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികളുടെ ഹോസ്റ്റലായിരുന്നു അത്. അവിടെ ഒരു ടീച്ചറെ പോലെയായിരുന്നു ഞാന്‍. കുട്ടികളെ ഹിന്ദിയും, ഇംഗ്ലീഷും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവും പഠിപ്പിച്ചു. വളരെ നന്നായി എന്റെ രണ്ട് മാസങ്ങള്‍ ഞാന്‍ അവിടെ ഉപയോഗിച്ചു. എനിക്ക് നിരാശയോ വിഷമമോ ഉണ്ടായിരുന്നില്ല. എന്തിന് ഞാന്‍ നിരാശപ്പെടണം? സത്യം എനിക്കറിയാം. അവിടെ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്, ഞാനെത്ര ഭാഗ്യവതിയാണെന്ന്. കാരണം എന്നെ സപ്പോട്ട് ചെയ്യാന്‍ എന്റെ കുടുംബമെങ്കിലുമുണ്ട്. നല്ലൊരു നിലയിലെത്താന്‍ എനിക്ക് സര്‍വ്വ പിന്തുണയും രക്ഷിതാക്കള്‍ നല്‍കുന്നുണ്ട്. “ഇക്ബാല്‍” ചെയ്തതിന് ശേഷം പഠനത്തില്‍ ശ്രദ്ധിക്കാന്‍ അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ ഡോക്യുമെന്ററികള്‍ നിര്‍മിച്ചു. ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുത്തു. കഫെകളില്‍ സെല്‍ഫിയെടുക്കാന്‍ വേണ്ടി ചിലവഴിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. സിനിമയ്ക്കും അഭിനയത്തിനും വേണ്ടിയാണ് ഞാന്‍ എന്റെ ജീവിതം സമര്‍പ്പിച്ചത്. ഒരു സംഭവം എന്റെ ജീവിതത്തെ തകര്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.
എങ്ങനെയാണ് ഈ സംഭവങ്ങളെ രക്ഷിതാക്കള്‍ സമീപിച്ചത്?
ഞാന്‍ റസ്‌ക്യൂ ഹോമില്‍ കഴിയുന്ന സമയത്താണ് എന്റെ അമ്മാവന്‍ മരിച്ചത്. അത് എന്റെ ജീവിതത്തിലെ എക്കാലത്തെയും വലിയ നഷ്ടമാണ്. മരണാനന്തര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചില്ല. അതിന്റെ കുറ്റബോധത്തില്‍ എനിക്ക് ജീവിക്കേണ്ടിവരും. മാധ്യമങ്ങളില്‍ വന്ന തെറ്റായ പ്രസ്താവനകള്‍ ഞാന്‍ തന്നെ നടത്തിയതാണെന്ന് എന്റെ അമ്മാവന്‍ ചിന്തിച്ചിട്ടുണ്ടാവും. ആ സമയത്ത് ഹര്‍ജിക്ക് പിന്നാലെ ഹര്‍ജികളുമായി എന്റെ അമ്മ കോടതി കയറിയിറങ്ങുകയായിരുന്നു. അമ്മ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. അമ്മയെ വിളിക്കാന്‍ പോലും എന്നെ അനുവദിച്ചിരുന്നില്ല. പിന്നീട് ആഴ്ചയില്‍ ഒരു തവണ അമ്മയെ വിളിക്കാന്‍ അനുമതി ലഭിച്ചു. അപ്പോഴല്ലാം അമ്മ കരയുകയും എന്നെ ആശ്വസിപ്പിക്കുകയുമാണ് ചെയ്തത്.
ശക്തയായ ഒരു സ്ത്രീയാണ് നിങ്ങള്‍.
എനിക്ക് അങ്ങനെ തോന്നുന്നില്ല. സ്‌ട്രോങ് ആവുകയെന്നത് മാത്രമാണ് ഇനി എനിക്ക് മുന്നിലുള്ള വഴി. സത്യം എന്റെ ഭാഗത്താണ്. എനിക്കൊപ്പം എന്റെ കുടുംബവും സുഹൃത്തുക്കളുമുണ്ട്.
സിനിമാ മേഖലയില്‍ നിന്നും നിരവധിയാളുകള്‍ നിങ്ങള്‍ക്ക് വേണ്ടി രംഗത്തുവന്നിരുന്നു. ഹന്‍സാല്‍ മെഹ്ത നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനെക്കുറിച്ച്?
അദ്ദേഹത്തില്‍ നിന്നും എനിക്കിതുവരെ കോളൊന്നും ലഭിച്ചിട്ടില്ല. ഹന്‍സാല്‍ മെഹ്തയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് യോജിക്കുന്ന വേഷമാണെങ്കില്‍ മാത്രമേ റോള്‍ ഏറ്റെടുക്കൂ. സിമ്പതിയുടെ പേരില്‍ എനിക്കൊരു റോളും വേണ്ട.
ആരാണ് നിങ്ങളുടെ കഴിവുകളെ സംശയിക്കുന്നത്? 10ാം വയസില്‍ ദേശീയ പുരസ്‌കാരം നേടിയ ആളാണ് നിങ്ങള്‍!
ആളുകള്‍ എല്ലാം എളുപ്പം മറക്കും. ബുദ്ധിമുട്ടുള്ള സമയത്ത് മാത്രമേ നമ്മുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. എന്റെ കുടുംബത്തിനെതിരെ മുഖംതിരിച്ചവര്‍ നിരവധിയുണ്ട്. കുറേ സുഹൃത്തുക്കള്‍ എന്റെ അമ്മയുടെ ഫോണ്‍കോള്‍ എടുക്കാറില്ല. എന്റെ രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമായിരുന്നു? എന്നെ പിന്തുണച്ചവരോട് നന്ദിയുണ്ട്. എന്നെ പിന്തുണയ്ക്കാത്തവരോട്, അതാണ് ജീവിതം. ഇനി മുന്നേറേണ്ട സമയമാണ്.
ഇപ്പോഴത്തെ പ്ലാന്‍ എന്താണ്?
ഞാനൊരു നടിയാണ്. എപ്പോഴും അങ്ങനെ തന്നെ നിലനില്‍ക്കും. ഇപ്പോള്‍ എന്റെ ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്.