കോഴിക്കോട്: മിഠായി തെരുവില്‍ കഴിഞ്ഞ 35 കൊല്ലമായി കേള്‍ക്കുന്നതാണ് ബാബുവിന്റെ പാട്ട്. തെരുവിലെ എസ്.കെ. പൊറ്റക്കാട് പ്രതിമക്ക് അരികെ തെരുവ് ഗാനം പാടിയിരുന്ന ബാബു ഭായിയോട് തെരുവില്‍ വച്ച് ഇനി പാടരുത് എന്ന് പൊലീസ് പറഞ്ഞിരുന്നു. മിഠായി തെരുവിന്റെ സായാഹ്നങ്ങളില്‍ മനസിനെ തണുപ്പിക്കുന്ന പ്രാചീന സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാബു ഭായ് അവതരിപ്പിക്കുന്ന മധുരഗീതം ആസ്വദിക്കാനായി മാത്രം മിഠായിതെരുവില്‍ എത്തുന്നവരുണ്ട്.
ഇനി ബാബു ഭായിക്ക് തെരുവില്‍ പാടാന്‍ അനുവാദമില്ലെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായിരുന്നു.
തുടര്‍ന്ന് സെപ്തംബര്‍ 8 നു മിഠായിത്തെരുവില്‍ പാട്ടുപാടി ഉപജീവനം നടത്തുകയായിരുന്ന ബാബുവിന് തെരുവില്‍ പാട്ടുപാടുന്നതിന് തടസ്സമില്ലെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. കോഴിക്കോടിന്റെ തെരുവുഗായകനായ ബാബു കഴിഞ്ഞ ദിവസം മിഠായിതെരുവില്‍ പാട്ടുപാടുന്നതിനിടെ പൊലീസ് പാട്ടുനിര്‍ത്തിച്ച് പറഞ്ഞയച്ചതോടെയാണ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്.
ഈ വാര്‍ത്ത ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. നിരവധി പേരാണ് ബാബുവിനും കുടുംബത്തിനും വേണ്ടി രംഗത്തുവന്നത്. സാമൂഹ്യമാധ്യമങ്ങളിലും നിരവധി പേര്‍ വിഷയമേറ്റെടുത്തിരുന്നു. ബാബുവിന് വേണ്ടി സഫ്ദര്‍ ഹശ്മി നാട്യ സംഘം വ്യാഴാഴ്ച്ച മൂന്നു മണിക്ക് മിഠായിതെരുവിലെ കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബാബുവിന്റെ ഭാര്യ ലതയും എല്ലാവരുടെയും കൂടെ പാടി.
പാട്ടും ആട്ടവുമായി തെരുവ് പ്രതിഷേധ സംഗീതത്തില്‍ മുങ്ങി. ഈ തെരുവ് ഞങ്ങള്‍ക്കും സ്വന്തം എന്ന് എഴുതിയ ബാന്‍ഡുകള്‍ ധരിച്ച നൂറുകണക്കിനു യുവജനങ്ങളാണു ബാബുവിന്റെ പാട്ടിനു കൂട്ടായെത്തിയത്. പാട്ട് തുടര്‍ന്നതോടെ തെരുവില്‍ കൂടിയ ജനങ്ങളും ബാബുവിനും പ്രതിഷേധങ്ങള്‍ക്കും ഒപ്പം ചേരുകയായിരുന്നു.