സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു. സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ് ആന്‍ഡേഴ്‌സണ്‍.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ സ്ഥാനമൊഴിയുമെന്ന് മഗ്ദലേന ആന്‍ഡേഴ്‌സണ്‍ പ്രഖ്യാപിച്ചത്.
മഗ്ദലേന ആന്‍ഡേഴ്‌സന്റെ ഇടതുപക്ഷ സഖ്യസര്‍ക്കാര്‍ വലതുപക്ഷ പാര്‍ട്ടികളുടെ മുന്നണിയോട് പരാജയപ്പെടുകയായിരുന്നു. 176നെതിരെ 173 സീറ്റുകള്‍ക്കാണ് മഗ്ദലേന ആന്‍ഡേഴ്‌സന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടവയില്‍ 99% വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. അന്തിമ ഫലം സ്വീഡനിലെ സ്റ്റാന്‍ഡേര്‍ഡ് പ്രാക്ടീസ് പ്രകാരമുള്ള റീകൗണ്ടിന് ശേഷം സ്ഥിരീകരിക്കും.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റുകള്‍, മോഡറേറ്റ് പാര്‍ട്ടി, ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍, ലിബറലുകള്‍
എന്നിങ്ങനെ നാല് പാര്‍ട്ടികളടങ്ങുന്നതാണ് ഈ വലത് സഖ്യം.
ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ചായിരുന്നു ആന്‍ഡേഴ്‌സണ്‍ പരാജയം സമ്മതിച്ചത്. വ്യാഴാഴ്ച ഔദ്യോഗികമായി രാജിവെക്കുമെന്നും അവര്‍ പറഞ്ഞു.
”പാര്‍ലമെന്റില്‍ അവര്‍ക്ക് (വലതുപക്ഷ സഖ്യം) ഒന്നോ രണ്ടോ സീറ്റ് കൂടുതലുണ്ട്. ഇത് നേരിയ ഭൂരിപക്ഷമാണ്, പക്ഷേ ഇത് ഭൂരിപക്ഷമാണ്,” മഗ്ദലേന ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.