| Sunday, 31st March 2024, 8:02 pm

'കൊലയാളി ഇസ്രഈല്‍'; ഈസ്റ്റര്‍ ആഘോഷങ്ങള്‍ റദ്ദാക്കി ഫലസ്തീന് ആയിരങ്ങളുടെ ഐക്യദാര്‍ഢ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റോക്ക്‌ഹോം: ഈസ്റ്റര്‍ ആഘോഷങ്ങള്‍ റദ്ദാക്കി ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വീഡിഷ് ജനത.

ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂലികളാണ് തലസ്ഥാന നഗരിയായ സ്റ്റോക്ക്‌ഹോമില്‍ പ്രതിഷേധവുമായി എത്തിയത്. ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്ന ഇസ്രഈല്‍ കൊലയാളിയാണെന്ന് മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു പ്രതിഷേധം.

ഫലസ്തീന്‍ സ്വതന്ത്രമാക്കുക, ഇസ്രഈലിന്റെ അധിനിവേശം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഫലസ്തീന്‍ അനുകൂലികള്‍ സ്വീഡനില്‍ മുഴക്കി.

ശനിയാഴ്ച ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 5000ലധികം പ്രതിഷേധക്കാര്‍ സ്വീഡനിലെ ഓഡന്‍പ്ലാനില്‍ ഒത്തുകൂടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരിതര സംഘടനകളുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം. ഗസയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു, ഫലസ്തീനില്‍ എന്നന്നേക്കുമായി വംശഹത്യ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ റാലി.

ഇതിനുപുറമെ മെയ് 11ന് സ്വീഡനിലെ മാല്‍മോയില്‍ നടക്കുന്ന യൂറോവിഷന്‍ സംഗീത മത്സരത്തില്‍ ഇസ്രഈല്‍ പങ്കെടുക്കേണ്ടതില്ലെന്ന് റാലിയില്‍ പങ്കെടുത്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സാമുവല്‍ ഗിര്‍മ പറഞ്ഞു.

‘യൂറോവിഷനില്‍ പങ്കെടുക്കാന്‍ ഇസ്രഈലിന് അര്‍ഹതയില്ല. കൊലപാതകവും വംശഹത്യയും നടത്തുന്ന ഒരു രാജ്യത്തിന് സംഗീത മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇസ്രഈല്‍ ഒരു വംശഹത്യ രാജ്യമാണ്,’ ഗിര്‍മ അനഡോലുവിനോട് പറഞ്ഞു.

അതേസമയം ജെറുസലേമില്‍ ഈസ്റ്റര്‍ ആഘോഷത്തിന് ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ഇസ്രഈല്‍ വിലക്കേര്‍പ്പെടുത്തി. ഫലസ്തീന്‍ വംശജരായ ക്രിസ്ത്യാനികള്‍ക്കാണ് ഇസ്രഈലി സൈന്യം വിലക്ക് ഏര്‍പ്പെടുത്തിയത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 200 ക്രൈസ്ത നേതാക്കള്‍ക്ക് ജെറുസലേമിലേക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സഭയിലെ അംഗങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ഇസ്രഈലി സൈന്യം അറിയിച്ചു.

Content Highlight: Swedish people cancel Easter celebrations in solidarity with the Palestinian people

We use cookies to give you the best possible experience. Learn more