സ്‌റ്റോക്ക്‌ഹോം: സെക്‌സിനെ ഒരു കായിക ഇനമായി അംഗീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് സ്വീഡിഷ് സര്‍ക്കാര്‍. സ്വീഡന്റെ നേതൃത്വത്തില്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ സ്വീഡിഷ് സര്‍ക്കാരിന്റെ കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോര്‍ട്സ് കോണ്‍ഫെഡറേഷനാണ് നിഷേധിച്ചത്.
ജൂണ്‍ എട്ടിന് ഗോതന്‍ബെര്‍ഗില്‍ ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംഭവം തെറ്റാണെന്നും സ്വീഡനെയും സ്വീഡിഷ് കായിക വിനോദങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് ആരോ ഇത്തരമൊരു തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സ്വീഡിഷ് സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ വക്താവ് അന്ന സെറ്റ്സ്മാന്‍ പറഞ്ഞു.
ചില ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരമൊരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും വാര്‍ത്തകള്‍ നിഷേധിക്കുന്നതായും സ്വീഡിഷ് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. ഒരു സ്ട്രിപ് ക്ലബ്ബ് ഉടമ സെക്‌സ് ഫെഡറേഷന്‍ വേണമെന്ന ആവശ്യവുമായി തങ്ങളെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഈ അപേക്ഷ തള്ളിയെന്നും അന്ന സെറ്റ്സ്മാന്‍ ഡി.ഡബ്ല്യു എന്ന അന്താരാഷ്ട്ര മാധ്യമത്തിനോട് പറഞ്ഞു.
സ്വീഡിഷ് സ്പോര്‍ട്സ് കോണ്‍ഫെഡറേഷന് ഒരു തരത്തിലുമുള്ള സെക്‌സ് ഫെഡറേഷനുകളുമായും യാതൊരു ബന്ധവുമില്ലെന്നും പ്രതിനിധി അറിയിച്ചു. അതേസമയം, സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ എന്ന പേരിലൊരു വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡ്രാഗണ്‍ ബ്രാറ്റിക് എന്ന സ്വീഡിഷ് പൗരനാണ് ഈ വ്യാജ വാര്‍ത്തക്ക് പിന്നിലെന്ന് കണ്ടെത്തുകയുണ്ടായി. പ്രമുഖ സ്വീഡിഷ് ദിനപത്രമായ ഗോടെബോര്‍ഗ്‌സ് പോസ്റ്റന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബ്രാറ്റികിന്റെ ഉടമസ്ഥതയില്‍ നിരവധി സ്ട്രിപ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു.
സെക്‌സിനെ ഒരു കായികയിനമാക്കണം എന്ന ആഗ്രഹത്താല്‍, ഇദ്ദേഹം 2023 ജനുവരിയില്‍ അംഗത്വം തേടി സ്വീഡിഷ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമീപിച്ചു. എന്നാല്‍ മെയ് മാസം അപേക്ഷ ഫെഡറേഷന്‍ നിരാകരിച്ചിരുന്നു. ഇതിന്റെ വാശിയിലാണ് ഡ്രാഗണ്‍ ബ്രാറ്റിക് ഇങ്ങനെയൊരു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും സ്വീഡിഷ് മാധ്യമം പറയുന്നു.