അടുത്തകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദേശ-പ്രതിരോധ-നിക്ഷേപനയങ്ങള്‍ പൂര്‍ണ്ണമായും അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്നതാണ്.
ന്യൂദല്‍ഹി: ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയത്തിന്റെ
ഗുണഭോക്താക്കള്‍ അമേരിക്കയാണ്. അതിനാല്‍ തന്നെ ബി.ജെ.പി ഇന്ന് അമേരിക്കന്‍ ജനതാപാര്‍ട്ടിയായി
മാറിയിരിക്കുകയാണെന്ന് സ്വദേശി ആന്തോളന്‍.
ഇത്തരത്തിലുള്ളവര്‍ രാജ്യത്തിന് രാഷ്ട്രീയ-സാമ്പത്തിക കാഴ്ചപ്പാടുകള്‍ സ്വന്തമായി ഉണ്ടാക്കാന്‍ പ്രയത്‌നിച്ച ഏകാത്മമാനവാദത്തിലൂടെ അത് അവതരിപ്പിക്കുകയും ചെയ്ത ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്നും സ്വദേശി ആന്തോളന്‍ അഖിലേന്ത്യ സെക്രട്ടറി കെ.വി ബിജു പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
അടുത്തകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദേശ-പ്രതിരോധ-നിക്ഷേപനയങ്ങള്‍ പൂര്‍ണ്ണമായും അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്നതാണ്. ഭാരതത്തിന് നാശം വിതക്കുന്നതുമാണ്. വിദേശനിക്ഷേപം സംബന്ധിച്ച നയത്തിലെ ഓരോ മേഖലയിലെ നിക്ഷേപവും അമേരിക്കന്‍ താല്‍പര്യത്തിന് വേണ്ടിയായിരുന്നു.
പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തണമെന്നുള്ളത് അമേരിക്കന്‍ കുത്തകളുടെ ആവശ്യമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വ്യാപരത്തില്‍ 100 ശതമാനം വിദേശനിക്ഷേപം ആമസോണ്‍, കെ.എഫ്.സി, പിസ്സഹട്ട്, വാള്‍മാര്‍ട്ട്, സബ്‌വെ തുടങ്ങിയ അമേരിക്കന്‍ കുത്തകളെ സഹായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔഷധമേഖലയിലെ 100 % വിദേശ നിക്ഷേപം അമേരിക്കന്‍ കുത്തകകള്‍ക്ക് ഇന്ത്യന്‍ ഉല്‍പ്പാദകരെ ഏറ്റെടുക്കാന്‍ സൗകര്യമൊരുക്കലാണ്. മുമ്പ് റാന്‍ബാക്‌സിയെ ജാപ്പനീസ് കുത്തക ഏറ്റെടുത്തപ്പോള്‍ പ്രതിഷേദമുയര്‍ത്തിയ എല്‍.കെ അദ്വാനി ഇന്ന് നിശബ്ദത പാലിക്കുകയാണെന്നും കെ.വി ബിജു വിമര്‍ശിച്ചു.
സാംസ്‌കാര ദേശീയതയുടെയും രാജ്യസുരക്ഷയുടെ വക്താക്കളായ സംഘപരിവാര്‍ സംഘടനകള്‍ വിദ്യാഭ്യാസം മാധ്യമരംഗം, പ്രതിരോധം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമേഖലകളിലെ വിദേശനിക്ഷേപത്തെ വര്‍ഷങ്ങളായി എതിര്‍ത്തു പോന്നിരുന്നു. മോദി സര്‍ക്കാര്‍ ഈ മേഖലകളെല്ലാം തന്നെ വിദേശികള്‍ക്കായി തുറന്നിട്ടപ്പോള്‍ ദേശീയ വാദികള്‍ ഇന്ന് നിശബ്ദത പാലിക്കുകയാണ്.
പ്രതിരോധ മന്ത്രിയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും ഒപ്പിട്ട പ്രതിരോധ കരാര്‍ ഭാരതത്തെ അമേരിക്കയുടെ താല്‍പര്യ സംരക്ഷകനാക്കിതീര്‍ത്തു. കരാര്‍ ഇരുരാജ്യങ്ങളും പ്രസിദ്ധീകരിക്കാത്തത് ദുരൂഹതകള്‍ ഉയര്‍ത്തുകയും ചെയ്തു. അമേരിക്കയുമായി സൈനിക സഹകരണമുണ്ടായിരുന്ന അര്‍ജന്റീന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിരോധ മേഖലയിലെ ഇന്നത്തെ പ്രതിസന്ധികള്‍ ഭാരതം നാളെ നേരിടേണ്ടിവരുമെന്നും. ഇതൊന്നും വിലയിരുത്താതെയുള്ള മോദി സര്‍ക്കാരിന്റെ എടുത്തുചാട്ടം രാജ്യത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കെ.വി ബിജു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ രാഷ്ട്രീയത്തില്‍ സ്വന്തം സ്വാധീനം നിലനിര്‍ത്താന്‍ അമേരിക്കനടത്തിയ ഇടപ്പെടലുകള്‍ ആ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ആകെ തകര്‍ത്തതായി കാണാം. അമേരിക്കയുമായുള്ള അതിരുവിട്ട ബന്ധം എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിനുദോഷമാണ്. ദേശസ്‌നേഹികളെ ഏറെ വേദനിപ്പിക്കുന്ന കാര്യം ഈ കരാര്‍ വ്യവസ്ഥയെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തുള്ളവര്‍ തയ്യാറല്ലാത്തതും കമ്മ്യൂണിസ്റ്റുകാര്‍ പോലും പ്രതിഷേധം കേവലം പ്രസ്ഥാവനയില്‍ ഒതുക്കിയതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദിയും, അരുണ്‍ ജെയ്റ്റിലി നിര്‍മ്മലാ സീതാരാമന്‍ ഉള്‍പ്പെടെ പല മന്ത്രിമാരും അമേരിക്കയുടെ ഏജന്റുമാരെ പോലെയാണ് പെരുമാറുന്നതെന്ന വിമര്‍ശനവും സ്വദേശി ആന്തോളന്റെ പത്രക്കുറിപ്പിലുണ്ട്. 1997 ലെ 45 ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം മുതല്‍ മോദി അമേരിക്കയുടെ സുഹൃത്താണ്. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ട് പ്രാവശ്യം
അമേരിക്കയില്‍ ഉള്‍പ്പെടെ പലയിടത്തായി അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റിനെ കണ്ട് ചര്‍ച്ച നടത്തി. ഇതിനെ കുറിച്ച് രാഷ്ട്രീയതലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോഡി യജമാനന് ത്രിമാസ റിപ്പോര്‍ട്ടിങ്ങ് നടത്തുന്നതായാണ് കൂടികാഴ്ച്ചകളെ പലരും വിശേഷിപ്പിക്കുന്നത്. ഓരോ കൂടിക്കാഴ്ചയ്ക്കു ശേഷവും പ്രധാനമന്ത്രി കൂടുതല്‍ അമേരിക്കന്‍ അനുകൂല നയങ്ങള്‍ എടുക്കുകയാണ്. അമേരിക്കന്‍ കുത്തകള്‍ക്ക് സേവനങ്ങള്‍ നല്‍കി അവരില്‍ നിന്നും ധനസഹായം സ്വീകരിച്ചവരാണ് പലമന്ത്രിമാരുമെന്നും സ്വദേശി ആന്തോളന്‍ ആരോപിച്ചു.
അരുണ്‍ ജെയ്റ്റ്‌ലി കൊക്കകോളയ്ക്ക് വേണ്ടി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹാജരായി. നിര്‍മ്മലാ സീതാരാമന്‍ പ്രൈസ് വാട്ടര്‍ കൂപ്പറിന്റെ ജീവനക്കാരിയായിരുന്നു. നീതി ആയോഗ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്നീ ചുമതലകള്‍ വഹിക്കുന്ന അരവിന്ദ് പനഗാരിയ, അരവിന്ദ് സുബ്രമണ്യം എന്നിവര്‍ അമേരിക്കയുടെ താല്‍പര്യ സംരക്ഷകരാണ്. ഇവരാണ് ഇന്ത്യയുടെ സാമ്പത്തിക നയവും വ്യാപാരനയവും തീരുമാനിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
അതിനാല്‍ തന്നെ ലോകവ്യാപാര സംഘടനയിലും സ്വാതന്ത്യവ്യാപാര കരാറുകളുടെ നയത്തിലും അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ ഇവര്‍ നയമാറ്റം നടത്തി. ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിച്ച മുന്‍കാലനയങ്ങളെ എന്‍.ഡി.എ സര്‍ക്കാര്‍ കുഴിച്ചുമൂടുമ്പോഴും സംഘടനയില്‍ നിന്ന് പ്രതിഷേധമുണ്ടാകാത്തത് അമേരിക്കന്‍ അനുകൂലികള്‍ ആര്‍.എസ്.എസിന്റെ തലപ്പത്ത് വന്നത്‌കെണ്ടാണെന്നും സ്വദേശി ആന്തോളന്‍ പത്രക്കുറിപ്പില്‍ പറയുന്നു.
മുമ്പ് വിദേശ നിക്ഷേപത്തെ എതിര്‍ത്ത മേഖലകളില്‍ മോദി സര്‍ക്കാര്‍ തന്നെ വിദേശ നിക്ഷേപം കൊണ്ടു വരുമ്പോള്‍ നിശബ്ദമായിരിക്കുന്ന ആര്‍.എസ്.എസ് കപടദേശീയവാദികള്‍ എന്ന് വിളിപ്പേരിനര്‍ഹമാകുന്നു. ദീനദയാല്‍ ഉപാദ്ധ്യായ ഉയര്‍ത്തിയ ആശങ്ങളില്‍ വിശ്വസിക്കുന്നവര്‍ ബി.ജെ.പി സാമ്പത്തിക നയത്തെ വിലയിരുത്തണം. സ്വയം സേവകര്‍ എന്ന് അഭിമാനിക്കുന്നവര്‍ സ്വന്തം ധര്‍മ്മം നിര്‍വ്വഹിക്കുവാന്‍ രാജ്യദ്രോഹ സാമ്പത്തിക വിദേശ നയങ്ങളെ എതിര്‍ക്കാന്‍ മുന്നോട്ട് വരണം. ഇല്ലെങ്കില്‍ വരുംകലം ചരിത്രം സ്വയം സേവകനെന്ന വാക്ക് രാജ്യദ്രോഹികളുടെ പര്യായപദമായി ഉപയോഗിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.