| Monday, 13th May 2019, 5:57 pm

'പ്രതിയാണെന്ന സംശയം നിലനില്‍ക്കുന്നു'; അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം പുനരാരംഭിക്കാനൊരുങ്ങി സ്വീഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌റ്റോക്ക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സ്വീഡന്‍ പുനരന്വേഷണം നടത്തും. കേസിന്റെ പ്രാഥമികാന്വേഷണം പുനരാരംഭിക്കുമെന്ന് സ്വീഡന്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇവാ-മേരി പേര്‍സണാണ് അറിയിച്ചത്.

ബ്രിട്ടനില്‍ നിന്ന് അസാഞ്ചെയെ സ്വീഡനില്‍ എത്തിക്കുമെന്നും അദ്ദേഹവുമായി ഒരു അഭിമുഖം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. പ്രാഥമികാന്വേഷണം നിരീക്ഷിച്ചതില്‍ നിന്ന് അസാഞ്ചെയെ സംശയിക്കാനുള്ള ചില കാര്യങ്ങള്‍ കണ്ടെത്തിയെന്നും ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയുന്നവയാണ് അവയെന്നും ഇവാ-മേരി പറഞ്ഞു. ആവശ്യമെങ്കില്‍ അസാഞ്ചെയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

2017-ലാണ് ഈ കേസ് സ്വീഡന്‍ വേണ്ടെന്നുവെച്ചത്. എന്നാല്‍ ഇതിനിടെ കേസില്‍ ശിക്ഷിക്കപ്പെടുമോ എന്നു ഭയന്ന് അസാഞ്ചെ ലണ്ടനിലെ ഇക്വഡോറിയന്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയിരുന്നു. ഇപ്പോള്‍ രാഷ്ട്രീയാഭയം റദ്ദാക്കി ബ്രിട്ടന്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സ്ഥിതിക്കാണ് കേസന്വേഷണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ആരോപണം നേരത്തേതന്നെ അസാഞ്ചെ നിഷേധിച്ചിരുന്നു.

കഴിഞ്ഞമാസമാണ് ഇക്വഡോറിയന്‍ സര്‍ക്കാര്‍ അസാഞ്ചെയ്ക്കു നല്‍കിവന്നിരുന്ന രാഷ്ട്രീയാഭയം റദ്ദാക്കിയത്. ഏഴുവര്‍ഷത്തോളമാണ് അദ്ദേഹം അവിടെ അഭയത്തില്‍ കഴിഞ്ഞത്.

ആരോപണം ഉന്നയിച്ച യുവതിയുടെ അഭിഭാഷകന്‍ കേസന്വേഷണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു ലൈംഗികാതിക്രമക്കേസ് 2015-ല്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. സമയപരിധി കഴിഞ്ഞതിനാലാണത്.

2010-ല്‍ യു.എസിന്റെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ ഒട്ടേറെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അസാഞ്ചെ ആഗോളതലത്തില്‍ പ്രശസ്തനാകുന്നത്.

വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും ഒരുകോടിയിലേറെ രേഖകള്‍ അസാഞ്ചെ പ്രസിദ്ധീകരിച്ചു.

2006-ല്‍ തുടങ്ങിയ വിക്കിലീക്സ് പലതവണ നിരോധിച്ചെങ്കിലും പല ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

അസാഞ്ചിന്റെ പേരില്‍ 2010 ഓഗസ്റ്റിലാണു യുവതി ലൈംഗികാരോപണമുന്നയിച്ചത്. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടന്ന വിക്കിലീക്സ് സമ്മേളനത്തിന് ഏതാനും ദിവസം മുമ്പ് അസാഞ്ചെ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം അസാഞ്ചെ നിഷേധിച്ചിരുന്നു.

2012-ലാണ് അസാഞ്ചെയുടെ പേരില്‍ സ്വീഡന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2012 ജൂണ്‍ 29-നു കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.

2016 നവംബറില്‍ സ്വീഡിഷ് കുറ്റാന്വേഷകര്‍ ഇക്വഡോര്‍ എംബസിയിലെത്തി അസാഞ്ചിനെ ചോദ്യംചെയ്തെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. കേസിന്റെ നിയമസാധുത 2020 ആഗസ്റ്റിലാണ് അവസാനിക്കുക.

ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതാണ് ആ രാജ്യവുമായുള്ള അസാഞ്ചെയുടെ ബന്ധം വഷളാകുന്നത്. രാഷ്ട്രീയാഭയത്തിന്റെ മാനദണ്ഡങ്ങള്‍ അസാഞ്ചെ ലംഘിച്ചെന്ന് മൊറേനോ തന്നെ ആരോപിച്ചിരുന്നു.

യു.എസിന്റെ ഔദ്യോഗികരേഖകള്‍ പുറത്തുവിട്ട കേസില്‍ തന്നെ യു.എസിനു കൈമാറുമോയെന്ന ഭീഷണിയിലായിരുന്നു അസാഞ്ചെ ഇത്രനാളും. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more