World News
സ്വീഡന്‍ ഉടന്‍ തന്നെ നാറ്റോയിലെത്തും: ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 01, 06:27 pm
Thursday, 1st June 2023, 11:57 pm

വാഷിങ്ടണ്‍: തുര്‍ക്കിയും ഹംഗറിയും എതിര്‍ക്കുന്നുണ്ടെങ്കിലും സ്വീഡന്‍ എത്രയും വേഗം നാറ്റോയില്‍ ചേരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യുണൈറ്റഡ് സ്‌റ്റേറ്റ് എയര്‍ഫോഴ്‌സ് അക്കാദമി ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനിടയിലെ നാറ്റോ ഐക്യത്തെയും അദ്ദേഹം പ്രശംസിച്ചു.

‘മുന്നത്തേക്കാള്‍ നാറ്റോ ഇപ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലവും ഐക്യത്തിലുമാണ്. ഏറ്റവും പുതിയ സഖ്യകക്ഷിയായ ഫിന്‍ലന്‍ഡിന്റെ പ്രവേശനത്തോടെ അത് കൂടുതല്‍ ശക്തമായിട്ടുണ്ട്. ഉടന്‍ സ്വീഡനും സഖ്യത്തിലേക്ക് എത്തും. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു,’ ബൈഡന്‍ പറഞ്ഞു.

നാറ്റോയില്‍ അംഗമാകാനുള്ള സ്വീഡന്റെ ശ്രമം അംഗീകരിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

യു.എസിന്റെ കാഴ്ചപ്പാട് അനുസരിച്ച്, സ്വീഡന്റെ പ്രവേശനം അന്തിമമാക്കേണ്ട സമയമാണിതെന്ന് ചൊവ്വാഴ്ച വടക്കന്‍ സ്വീഡിഷ് നഗരമായ ലുലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബ്ലിങ്കന്‍ പറഞ്ഞിരുന്നു. ജൂലൈയില്‍ ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസില്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്‍പെ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം നടന്ന കഴിഞ്ഞ വര്‍ഷമാണ് സ്വീഡനും അയല്‍ രാജ്യമായി ഫിന്‍ലന്‍ഡും നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷിച്ചത്. ഫിന്‍ലന്‍ഡ് ഔദ്യോഗികമായി നാറ്റോയില്‍ ചേര്‍ന്നു. എന്നാല്‍ സ്വീഡന്റ് അപേക്ഷ പരിഗണനയിലാണ്.

സ്വീഡന്റെ പ്രവേശനത്തിന് തുര്‍ക്കിയും ഹംഗറിയും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഭീകര സംഘടയായി കണക്കാകുന്ന കുര്‍ദിസ്ഥാന്‍ പാര്‍ട്ടി വര്‍ക്കേഴ്‌സ് പാര്‍ട്ടി അംഗങ്ങള്‍ക്ക് സ്വീഡന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് തുര്‍ക്കിയുടെ ആരോപിച്ചു.

തുര്‍ക്കി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എര്‍ദോഗനുമായി വിഷയം ഫോണ്‍ കോളില്‍ ചര്‍ച്ച ചെയ്തതായി ബൈഡന്‍ പറഞ്ഞു.

Contenthighlight: Swedan will join nato soon : JO Biden