| Tuesday, 16th August 2022, 1:25 pm

ആര്‍.ജെ.ഡിക്ക് 16, ജെ.ഡി.യുവിന് 11, കോണ്‍ഗ്രസിന് രണ്ട്, ഇടതുപാര്‍ട്ടികള്‍ പുറത്തുനിന്ന് പിന്തുണക്കും; ബീഹാറില്‍ മഹാസഖ്യത്തിന്റെ മന്ത്രിസഭാ വീതംവെപ്പ് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. 16 മന്ത്രിമാരാണ് ആര്‍.ജെ.ഡിക്കുള്ളത്. മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ളതും ആര്‍.ജെ.ഡിക്കാണ്. 11 പേരാണ് ജെ.ഡി.യുവില്‍നിന്നുള്ളത്. മഹാസഖ്യ കക്ഷികളില്‍ നിന്ന് 31 മന്ത്രിമാരാണ് ഇന്ന് രാവിലെ ബീഹാര്‍ മന്ത്രിസഭയിലെത്തിയത്.

കോണ്‍ഗ്രസിനും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും രണ്ട് മന്ത്രിമാരുണ്ടാകും. സി.പി.ഐ എം.എലിന് മന്ത്രിസഭയില്‍ പ്രതിനിധ്യമില്ലായെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു. പട്‌നയിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

ആര്‍.ജെ.ഡി നേതാവ് തേജ് പ്രതാപ് യാദവും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരനാണ് തേജ് പ്രതാപ് യാദവ്.

മഹാസഖ്യത്തിന്റെ ഭാഗമായ സി.പി.ഐ എം.എല്‍ സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് തീരുമാനം. ജെ.ഡി.യു മേധാവി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ദിവസങ്ങള്‍ക്ക് മുമ്പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചേര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മഹാസഖ്യത്തില്‍ ഏറ്റവും വലിയ പാര്‍ട്ടി 79 എം.എല്‍.എമാരുള്ള ആര്‍.ജെ.ഡിയാണ്. നിതീഷിന്റെ ജെ.ഡി.യുവിന് 45 സീറ്റുകളാണുള്ളത്.

കോണ്‍ഗ്രസിന് 19 എം.എല്‍.എമാരുണ്ട്. സി.പി.ഐ എം.എല്ലിന് 12 എം.എല്‍.എമാരുണ്ട്. സി.പി.ഐ.എമ്മിനും സി.പി.ഐക്കും രണ്ട് വീതം സീറ്റുകളുമുണ്ട്. 243 അംഗ ബീഹാര്‍ നിയമസഭയില്‍ 164 എം.എല്‍.എമാരുടെ പിന്തുണയാണ് മഹാസഖ്യം അവകാശപ്പെടുന്നത്. പാര്‍ട്ടിയെ പിളര്‍ത്തി അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ചാണ് നിതീഷ് കുമാര്‍ നേരത്തെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ചത്.

CONTENT Highlight: Swearing-in ceremony of ministers in Bihar is in progress

We use cookies to give you the best possible experience. Learn more