| Sunday, 19th May 2024, 2:44 pm

സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസ്; കെജ്‌രിവാളിന്റെ വസതിയില്‍ ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ പൊലീസ് പരിശോധന. ആം ആദ്മി പാര്‍ട്ടി എം.പി സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ പി.എ ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ദല്‍ഹി പൊലീസ് കെജ്‌രിവാളിന്റെ വസതിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.

കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ പി.എ ബൈഭവ് കുമാര്‍ അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബൈഭവിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപാമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം എന്നിവയാണ് ബൈഭവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

ശനിയാഴ്ച ഉച്ചയോടെ സ്വാതി മലിവാളിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടില്‍ സ്വാതി മലിവാളിന് പരിക്കുകള്‍ പറ്റിയതായി പറയുന്നുണ്ട്. ഇടത് കാലിനും കണ്ണിനും കീഴ് താടിയിലും പരിക്ക് പറ്റിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ബൈഭവ് കുമാര്‍ മര്‍ദിച്ചുവെന്ന സ്വാതി മലിവാളിന്റെ പരാതിയിലാണ് ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സ്വാതി മലിവാളിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിഞ്ഞ ദിവസം എ.എ.പി കെജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ വെച്ചാണ് തന്നെ അദ്ദേഹത്തിന്റെ പി.എ ആക്രമിച്ചതെന്നായിരുന്നു സ്വാതി മലിവാൾ അവകാശപ്പെട്ടിരുന്നത്.

അതിനിടെ, ബൈഭവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എ.എ.പി ഇന്ന് ദൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് എ.എ.പിയെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചു.

Content Highlight: Swati Maliwal case ; Delhi Police at Kejriwal’s residence

We use cookies to give you the best possible experience. Learn more