ന്യൂദല്‍ഹി: ഇന്ത്യയില്‍ ഐ.എസ്.ഐ.എസ് മൊഡ്യൂള്‍ തകര്‍ത്തെന്ന എന്‍.ഐ.എ അവകാശവാദത്തെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി. ഐ.എസ്.ഐ.എസ് അനുകൂലികളില്‍ നിന്നും പിടിച്ചെടുത്തെന്ന അവകാശവാദത്തോടെ എന്‍.ഐ.എ ഹാജരാക്കിയ ആയുധങ്ങളുടെ കാര്യം എടുത്തുപറഞ്ഞാണ് സ്വാതിയുടെ പരിഹാസം.
“നന്ദി അജിത് ദോവല്‍. നാടന്‍ ബോംബും, നാടന്‍ തോക്കുമാണ് ഐ.എസ്.ഐ.എസ് ആയുധങ്ങളെന്ന് അറിഞ്ഞ് എനിക്ക് അല്പം സുരക്ഷിതത്വം തോന്നുന്നു. പശു ഭീകരരുടെ അത്ര പേടിക്കേണ്ട” എന്നാണ് സ്വാതിയുടെ ട്വീറ്റ്.
യു.പി ദല്‍ഹി എന്നിവിടങ്ങളിലെ 16 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ എന്‍.ഐ.എ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ്.ഐ.എസ് ഗൂഢാലോചന തകര്‍ത്തെന്ന അവകാശവാദത്തോടെ രംഗത്തുവന്നിരുന്നു. 10 പേരെ അറസ്റ്റു ചെയ്യുകയും ഇവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി എന്‍.ഐ.എ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ദീപാവലിക്ക് ഉപയോഗിക്കുന്ന അത്ര ശക്തി കുറഞ്ഞ സ്‌ഫോടക വസ്തുക്കളും മറ്റുമാണ് പിടിച്ചെടുത്തത്.
വീട്ടില്‍ നിന്നും നിര്‍മ്മിക്കുന്ന “ദേശി കട്ട” എന്ന് പൊതുവെ അറിയപ്പെടുന്ന തോക്കുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഡസന്‍ കണക്കിന് ബുള്ളറ്റുകളും ദീപാവലിക്കു ഉപയോഗിക്കാറുള്ള പടക്കങ്ങള്‍ പോലെയുള്ള ശക്തികുറഞ്ഞ ബോംബുകളുമാണ് ഇവരില്‍ നിന്നും കണ്ടെടുത്തതെന്നപേരില്‍ എന്‍.ഐ.എ ഹാജരാക്കിയത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് എന്‍.ഐ.എയെ പരിഹസിച്ച് സ്വാതി രംഗത്തുവന്നത്.