ഐ.എഫ്.എഫ്.ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഓപ്പണിങ് ചിത്രമായി സ്വതന്ത്ര വീര്‍ സവര്‍ക്കര്‍
Film News
ഐ.എഫ്.എഫ്.ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഓപ്പണിങ് ചിത്രമായി സ്വതന്ത്ര വീര്‍ സവര്‍ക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th October 2024, 10:37 pm

ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നാണ് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ കൂടി സഹകരണത്തോടുകൂടി നടക്കുന്ന ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേകവിഭാഗമാണ് ഇന്ത്യന്‍ പനോരമ. ഇത്തവണത്തെ മേളയുടെ ഇന്ത്യന്‍ പനോരമയില്‍ ഓപ്പണിങ് ചിത്രമായി തെരഞ്ഞെടുത്ത ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സ്വതന്ത്ര വീര്‍ സവര്‍ക്കറാണ് ഓപ്പണിങ് ചിത്രമായി സംഘാടകര്‍ തെരഞ്ഞെടുത്തത്. ബോക്‌സ് ഓഫീസില്‍ മുടക്കുമുതല്‍ പോലും നേടാനാകാതെ ചിത്രം തകര്‍ന്നടിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഹിന്ദുത്വ നേതാവായ വി.ഡി. സവര്‍ക്കറിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ കേരള സ്‌റ്റോറി ഉള്‍പ്പെടുത്തിയതും ഇത്തരത്തില്‍ ചര്‍ച്ചയായിരുന്നു.

മലയാളത്തില്‍ നാല് ചിത്രങ്ങളാണ് ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആസിഫ് അലി നായകനായ ലെവല്‍ ക്രോസ്, മമ്മൂട്ടി നായകനായ ഭ്രമയുഗം, പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആടുജീവിതം, മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മെയിന്‍ സ്ട്രീം വിഭാഗത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്. ബോളിവുഡ് ചിത്രം 12th ഫെയില്‍, തെലുങ്ക് ചിത്രം കല്‍ക്കി 2898 എ.ഡി എന്നീ ചിത്രങ്ങളും മെയിന്‍ സ്ട്രീം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ആസമീസ്, ബംഗാളി, മറാഠി, ഗാലോ ഭാഷകളില്‍ നിന്നായി 25 ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയിലെ പനാജിയിലാണ് മേള അരങ്ങേറുന്നത്.

Content Highlight: Swatantrya Veer Savarkar movie selected as the opening film in Indian Panorama of IFFI 2024