| Sunday, 8th May 2022, 10:47 am

ഗ്യാന്‍വ്യാപി പള്ളിയില്‍ നിന്നും ഹിന്ദു മതചിഹ്നങ്ങള്‍ കണ്ടെത്തിയെന്ന് വാദം; പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടത്താനാവാതെ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: വാരാണസിയിലെ ഗ്യാന്‍വ്യാപി പള്ളിയില്‍ പുരാതനമായ സ്വസ്തികകള്‍ (ഹിന്ദു മതചിഹ്നം) കണ്ടൈത്തിയതായി റിപ്പോര്‍ട്ട്. പള്ളിയ്ക്കും പരിസരത്തും പ്രാദേശിക കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ അജയ് കുമാറും സംഘവും നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

നൂറോളം വിശ്വാസികളും ഭാരവാഹികളും മസ്ജിദിനെ വലയം ചെയ്തതോടെ ശനിയാഴ്ച സര്‍വേ നടത്താനാവാതെ സംഘം മടങ്ങുകയായിരുന്നു. മെയ് 9ന് വിഷയം കോടതി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വ്യാപി മസ്ജിദിന് പുറത്തുള്ള സ്ഥലങ്ങളില്‍ സര്‍വേയും വീഡിയോഗ്രഫിയും നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടത്. ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്.

അതേസമയം സര്‍വേക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ സ്ഥാനത്തുനിന്ന് അജയ് കുമാറിനെ നീക്കണമെന്നും മറ്റൊരാളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ജുമാന്‍ ഇന്‍തേസാമിയ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കോടതി ഹരജി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ മസ്ജിദില്‍ സര്‍വേ നടക്കില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ സുഭാഷ് നന്ദന്‍ ചതുര്‍വേദി വ്യക്തമാക്കി.

സര്‍വേക്കായി പള്ളിയില്‍ ആരെയും പ്രവേശിപ്പിക്കില്ലെന്ന് അഞ്ജുമാന്‍ ഇന്‍തേസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം. യാസിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ദിവാകര്‍ ഏപ്രില്‍ 26 ന് അഭിഭാഷക കമ്മീഷണര്‍ മാ ശൃംഗര്‍ ഗൗരി സ്ഥലത്തിന്റെ വീഡിയോഗ്രാഫിക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ എട്ടിനാണ് അജയ് കുമാറിനെ അഭിഭാഷക കമ്മീഷണറായി കോടതി നിയമിച്ചത്.

പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നാണ് ആരോപണം. മുപ്പതു വര്‍ഷത്തോളം പഴക്കമുള്ള കേസിലാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്ത് ഇവിടെ സ്ഥിതി ചെയ്തിരുന്ന വിശ്വേശ്വര ക്ഷേത്രം പൊളിച്ചു പകരം പള്ളി പണിയുകയായിരുന്നുവെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് പളളി പണിതതെന്നും ഹരജിക്കാര്‍ പറയുന്നു.

1991ലായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Content highlight: Swastikas found near Varanasi Gyanvapi mosque, survey stopped amid protests
We use cookies to give you the best possible experience. Learn more