| Sunday, 12th March 2023, 9:15 am

ചതുരം കണ്ട് സീത സീരിയല്‍ ഫാന്‍സ് അണ്‍ഫോളോ ചെയ്തു, പക്ഷേ മറ്റൊന്ന് സംഭവിച്ചു: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാസികയുടെ സിനിമ കരിയറിലെ നിര്‍ണായക സിനിമയാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് താരം എത്തിയത്. ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിനും പ്രശംസ ലഭിച്ചിരുന്നു. ചതുരത്തിന് ശേഷം വന്ന മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് സ്വാസിക.

ചിത്രത്തിലെ മാറ്റം സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലും പ്രതീക്ഷിച്ചില്ല എന്നും ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചുവെന്നും സ്വാസിക പറഞ്ഞു. അതേസമയം ചതുരം കണ്ട് ഒരുപാട് പേര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്‌തെന്നും ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

‘സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയുള്ള കുറെ ആളുകള്‍ എന്നെ വിളിച്ചു. സ്വാസിക ഇങ്ങനത്തെ റോളുകള്‍ അറ്റംപ്റ്റ് ചെയ്‌തോ എന്ന് ചോദിച്ചു. ചിലപ്പോള്‍ അവര്‍ ഇത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്റെ ഒരു രൂപവും ഭാവവും വെച്ചിട്ട് ഞാന്‍ ഇങ്ങനെ ഒരു കാര്യം അറ്റംപ്റ്റ് ചെയ്യുമെന്ന് അവര്‍ ഓര്‍ത്തുകാണില്ല. നല്ല കാര്യം, ഒരു മാറ്റം ആവശ്യമായിരുന്നു എന്ന് ചിലര്‍ പറഞ്ഞിരുന്നു. ചതുരം കഴിഞ്ഞ് വന്ന പ്രധാനപ്പെട്ട മാറ്റം അതാണ്.

ഇന്‍സ്റ്റഗ്രാമില്‍ കുറെ പേര്‍ അണ്‍ഫോളോ ചെയ്ത് പോയി. സീത സീരിയല്‍ കണ്ട് ഫാന്‍സായ ചേച്ചിമാരായിരിക്കാം. അത് കണ്ടപ്പോള്‍ അവര്‍ക്ക് ഒരു ഇഷ്ടക്കേട് തോന്നിക്കാണും. അങ്ങനെ കുറെ പേര്‍ അണ്‍ഫോളോ ചെയ്ത് പോയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നെ തിരിച്ച് വന്നോയെന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെ ഒരു മാറ്റം ഇന്‍സ്റ്റഗ്രാമില്‍ സംഭവിച്ചു.

പക്ഷേ വേറെ ക്രൗഡ് ഫോളോ ചെയ്യുന്നുമുണ്ട്. യങ്‌സ്‌റ്റേഴ്‌സായ കുട്ടികളാണെന്ന് തോന്നുന്നു. സ്വാസിക ചേച്ചിയുടെ ഇങ്ങനത്തെ റോള്‍ വരുമ്പോള്‍ ഞങ്ങള്‍ വെയ്റ്റ് ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെയും മാറ്റങ്ങള്‍ വന്നിട്ടുണ്ട്,’ സ്വാസിക പറഞ്ഞു.

സെലെന എന്ന കഥാപാത്രമായാണ് സ്വാസിക ചതുരത്തില്‍ അഭിനയിച്ചത്. അലന്‍സിയര്‍, റോഷന്‍ മാത്യു, ഗീതി സംഗീത, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്റര്‍ റിലീസിന് ശേഷം ഒ.ടി.ടിയിലെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

Content Highlight: swasika talks about the changes after chathuram

Latest Stories

We use cookies to give you the best possible experience. Learn more