|

എല്ലാവരും എന്റെ ആ കഥാപാത്രം നല്ലതാണെന്ന് പറഞ്ഞിട്ടും അദ്ദേഹം ഇതുവരെ ഒന്നും പറഞ്ഞില്ല: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താരമാണ് സ്വാസിക. 2019ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വാസികക്ക് ലഭിച്ചു. ലബ്ബര്‍ പന്തു ആണ് സ്വാസികയുടെ ഏറ്റവും പുതിയ ചിത്രം.

തമിഴരശന്‍ പച്ചമുത്തു സംവിധാനം ചെയ്ത് പ്രിന്‍സ് പിക്ചേഴ്സ് നിര്‍മിച്ച സ്പോര്‍ട്സ് ഡ്രാമ ചിത്രമാണ് ലബ്ബര്‍ പന്തു. ഹരീഷ് കല്യാണും അട്ടകത്തി ദിനേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സഞ്ജന കൃഷ്ണമൂര്‍ത്തി, സ്വാസ്വിക വിജയ്, ബാല ശരവണന്‍, കാളി വെങ്കട്ട്, ഗീത കൈലാസം തുടങ്ങിയവരും മാറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ലബ്ബര്‍ പന്തു നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും പ്രശംസ നേടിയിരുന്നു.

ചിത്രത്തില്‍ യശോദ എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. ലബ്ബര്‍ പന്തുവിന്റെ സംവിധായകന്‍ തമിഴരശന്‍ പച്ചമുത്തുവിനെ കുറിച്ച് സംസാരിക്കുകയാണ് സ്വാസികയിപ്പോള്‍. എല്ലാവരും താന്‍ ചെയ്ത കഥാപാത്രം നല്ലതാണെന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ മാത്രം ഇതുവരെയും ഒന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അത് പറയാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും സ്വാസിക പറയുന്നു.

അദ്ദേഹം വളരെ ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള സംവിധായകനാണെന്നും ആര്‍ട്ടിസ്റ്റുകളുടെ കയ്യില്‍ നിന്നും എന്താണ് വേണ്ടതെന്ന് വെച്ചാല്‍ അത് കൃത്യമായി വാങ്ങിയെടുക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് സ്വാസിക കൂട്ടിച്ചേര്‍ത്തു. ലബ്ബര്‍ പന്തു സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘തമിഴ് സാര്‍ ഞാന്‍ യശോദയുടെ ക്യാരക്ടര്‍ നന്നായിട്ട് ചെയ്‌തോ ഇല്ലയോ എന്ന് ഇതുവരെ പറഞ്ഞിട്ടേ ഇല്ല. ഇപ്പോഴെങ്കിലും സാറിനത് പറഞ്ഞുകൂടേ. ബാക്കി ഉള്ളവര്‍ പറയുന്നതിനേക്കാളും അദ്ദേഹം പറയുന്നത് കേള്‍ക്കുവാനായി ഞാന്‍ ഇത്രയും ദിവസം കാത്ത് നില്‍ക്കുകയാണ്. എല്ലാവരും നല്ലതാണെന്ന് പറഞ്ഞാലും എനിക്ക് അദ്ദേഹത്തിന്റെ വായില്‍ നിന്നാണത് കേള്‍ക്കേണ്ടത്.

എന്നാലും അദ്ദേഹം ഇതുവരെയും അതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇന്നെങ്കിലും അത് പറയുമെന്ന് വിചാരിക്കുന്നു. അദ്ദേഹം ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള സംവിധായകനാണ്. അദ്ദേഹത്തിന്റെ മനസ്സില്‍ എന്താണ് ഉള്ളതെന്ന് നമുക്ക് മനസിലാകുകയേ ഇല്ല.

എന്നാല്‍ വളരെ ക്ലാരിറ്റിയോടെ അദ്ദേഹത്തിന് എന്താണോ വേണ്ടത് അത് ഒരു ആര്‍ട്ടിസ്റ്റിന്റെ കയ്യില്‍ നിന്ന് വാങ്ങാന്‍ അദ്ദേഹത്തിന് കഴിയും. ഈ സിനിമയില്‍ ഞങ്ങള്‍ എല്ലാവരും നന്നായിട്ട് അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള എല്ലാ ക്രെഡിറ്റും ചിത്രത്തിന്റെ സംവിധായകന്‍ തമിഴ് സാറിനുള്ളതാണ്,’ സ്വാസിക പറയുന്നു.

Content Highlight: Swasika Talks About Tamizharasan Pachamuthu