| Sunday, 12th March 2023, 4:27 pm

ചതുരത്തിന്റെ സെറ്റില്‍ എല്ലാവരും എന്നെ ലാളിച്ച് കൊണ്ടുനടക്കുകയായിരുന്നു; എന്തെങ്കിലും ഒരു ചേഞ്ച് വന്നാല്‍ സിനിമ മുഴുവനും പോകും: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഹീറോയിന്‍ എന്ന നിലയിലേക്ക് മാറിയപ്പോള്‍ തനിക്ക് കിട്ടിയ പ്രിവിലേജിനെ കുറിച്ച് സംസാരിക്കുകയാണ് നടി സ്വാസിക. നായികയായി ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രിവിലേജും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മേക്കപ്പ് പോലും സ്വന്തമായിട്ടാണ് ഇട്ടിരുന്നതെന്നും നടി പറഞ്ഞു. എന്നാല്‍ ചതുരത്തിലേക്ക് വരുമ്പോള്‍ അങ്ങനെയായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആ സിനിമയില്‍ നായിക എന്ന നിലയിലുള്ള പരിഗണന തനിക്ക് ലഭിച്ചുവെന്നും സിനിമയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും തന്നോടും ഡിസ്‌കസ് ചെയ്യുമായിരുന്നു എന്നും സ്വാസിക പറഞ്ഞു. ചതുരത്തിന്റെ സെറ്റില്‍ തന്നോട് എല്ലാവരും ലാളനയോടെയാണ് പെരുമാറിയതെന്നും തന്റെ മൂഡ് മാറാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

‘ഞാന്‍ ആദ്യം ചെയ്ത വാസന്തിയെന്ന് പറയുന്ന സിനിമയുടെ പാറ്റേണ്‍ നോര്‍മലായിട്ടുള്ള ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ നമുക്ക് ഒരു പ്രിവിലേജ് പൊസിഷനിലിരിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടയിരുന്നില്ല. അപ്പോള്‍ നമ്മളെല്ലാവരും നോര്‍മല്‍ ആളുകളെ പോലെ സ്വന്തം വണ്ടിയില്‍ വരുന്നു കോസ്റ്റിയൂമിടുന്നു സ്വന്തമായിട്ട് മേക്കപ്പിടുന്നു വീട്ടില്‍ നിന്നും പാത്രത്തില്‍ ചോറ് കൊണ്ടുവരുന്നു അങ്ങനെയായിരുന്നു.

പക്ഷെ ചതുരത്തിലേക്ക് വരുമ്പോള്‍ ഇതിലെ കഥാപാത്രം ഇങ്ങനെയായത് കൊണ്ടും, സിനിമയില്‍ ഞാന്‍ ഉപയോഗിക്കുന്ന കോസ്റ്റിയൂം കുറച്ച് മോഡേണായത് കൊണ്ടും ഈ സിനിമയുടെ എല്ലാ കാര്യങ്ങളും ഒരു ഹീറോയിന്‍ എന്ന നിലയില്‍ എന്റെയടുത്ത് ചര്‍ച്ചചെയ്ത് എന്റെ കംഫര്‍ട്ടൊക്കെ നോക്കിയായിരുന്നു ചെയ്തത്.

അതുപോലെ സ്‌ക്രിപ്റ്റിന്റെ റീഡിങ് സെക്ഷന്‍ മുതല്‍ ഞാനുണ്ടായിരുന്നു. എല്ലാ ഡിസ്‌കഷനിലും എന്നെയുംകൂടി വിളിക്കും. അങ്ങനെ മുഴുവന്‍ കഥയും അറിഞ്ഞ് അഭിനയിക്കുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയായിരുന്നു. മറ്റ് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ സീന്‍ എന്താണോ അതിനെ കുറിച്ച് മാത്രമെ പറയാറുള്ളു.

ഒരു സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ ഒപ്പം നില്‍ക്കുക എന്നത് ഭയങ്കര രസമുള്ള കാര്യമാണ്. സെറ്റില്‍ എല്ലാവരും എന്നെ പാമ്പര്‍ ചെയ്ത് കൊണ്ടുനടക്കുകയായിരുന്നു. കാരണം എന്റെ മൂഡ് മാറാന്‍ പാടില്ലല്ലോ. എന്തെങ്കിലുമൊരു ചേഞ്ച് വന്നാല്‍ സീന്‍ മുഴുവനും പോകും. കുറച്ച് ലങ്തി സീനുകളായിരുന്നു സിനിമയില്‍ മുഴുവനും,’ സ്വാസിക പറഞ്ഞു.

സിദ്ധാര്‍ത്ഥ് ഭരതനാണ് ചതുരം സംവിധാനം ചെയ്തത്. ഇറോട്ടിക് ഴോണറില്‍ കഥ പറയുന്ന സിനിമ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിട്ടുണ്ട്. സ്വാസികക്ക് പുറമെ റോഷന്‍ മാത്യു, അലന്‍സീയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: swasika talks about privileges of a heroine

We use cookies to give you the best possible experience. Learn more