Advertisement
Entertainment news
ഞാന്‍ പേര് മാറ്റിയത് അന്ധവിശ്വാസം കൊണ്ടല്ല, പേര് മാറ്റിയതുകൊണ്ട് വിജയിക്കണമെന്നില്ല: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 27, 10:43 am
Sunday, 27th November 2022, 4:13 pm

പൂജ എന്ന തന്റെ പേര് മാറ്റിയത് അന്ധവിശ്വാസം കൊണ്ടല്ലായെന്ന് നടി സ്വാസിക. അഭിനയരംഗത്ത് വന്നതിനുശേഷമാണ് താരത്തിന്റെ പേര് മാറ്റിയത്. പേര് മാറ്റുന്നതും മാറ്റാതിരിക്കുന്നതും വ്യക്തിപരമായ തീരുമാനങ്ങളാണെന്നും സ്വാസിക പറഞ്ഞു. 24ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സിനിമയില്‍ അഭിനയിക്കാന്‍ പേര് മാറ്റണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ചില ആളുകള്‍ നമ്മുടെ അടുത്ത് പറയും എന്റെയൊക്കെ പേര് കുറേ ആളുകള്‍ക്കുള്ളതാണ് എന്ന്. പേര് മാറ്റിയാല്‍ സക്‌സസ് ആകുമെന്ന് കരുതിയിട്ട് ഒന്നുമല്ല ഞാന്‍ പേര് മാറ്റിയത്. പേര് മാറ്റുന്നതൊന്നും അന്ധവിശ്വാസമല്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്.

എന്റെയടുത്ത് ഒരാള്‍ പറഞ്ഞു എന്റെ പേര് മാറ്റുന്നതാണ് കുറച്ചുകൂടി നല്ലതെന്ന്. ആ നിര്‍ദേശം എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാന്‍ എന്റെ പേര് മാറ്റി. നാളെ ഒരാള്‍ വന്ന് ജീവിത വിജയം നേടണമെങ്കില്‍ പേര് മാറ്റണമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം മാറ്റിയാല്‍ മതി.

പക്ഷെ അതൊരു അന്ധവിശ്വാസമല്ലേ അതുകൊണ്ട് അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. അന്ധവിശ്വാസം എങ്ങനെയാണ് തെറ്റാവുന്നത്, എല്ലാ കാര്യങ്ങളിലും നമ്മള്‍ അന്ധമായി വിശ്വസിക്കുമ്പോഴാണ് അന്ധവിശ്വാസം ഉണ്ടാകുന്നത്. അതുകൊണ്ടാണല്ലോ എല്ലാവരും പേര് മാറ്റുന്നത്.

ഇതൊന്നും ഒരു നിര്‍ബന്ധമല്ല. പേര് മാറ്റിയാല്‍ മാത്രമേ വിജയിക്കു എന്നൊന്നും പറയാന്‍ സാധിക്കില്ല. അങ്ങനെ ആണെങ്കില്‍ പേര് മാറ്റിയിട്ടും വിജയിക്കാത്ത എത്രയോ പേരുണ്ട്. അപ്പോള്‍ ഞാന്‍ പറയുന്നത്, ഓരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ച് വേണമെങ്കില്‍ പേര് മാറ്റം അല്ലെങ്കില്‍ വേണ്ട,’ സ്വാസിക പറഞ്ഞു.

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ തിയേറ്റര്‍ റിലീസിനെത്തിയ ചതുരമാണ് സ്വാസികയുടെ ഏറ്റവും പുതിയ സിനിമ. ഇറോട്ടിക് ഴോണറിലെത്തിയ ചിത്രത്തില്‍ റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്.

CONTENT HIGHLIGHT: SWASIKA TALKS ABOUT HER NAME