|

രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം, ഭര്‍ത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കണം; വിവാഹസങ്കല്‍പങ്ങളെ പറ്റി സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭര്‍ത്താവ് തന്നെ നിയന്ത്രിക്കുന്ന ആളായാലും കുഴപ്പമില്ല എന്ന് നടി സ്വാസിക. ഭര്‍ത്താവ് നോ പറഞ്ഞാല്‍ സ്വീകരിക്കാന്‍ തയാറാണെന്നും ഡോമിനേറ്റിങ് ആവുന്നതില്‍ പ്രശ്‌നമില്ലെന്നും സ്വാസിക പറഞ്ഞു. ഇതൊക്കെ തന്റെ ആഗ്രഹങ്ങളാണെന്നും മറ്റുള്ളവരും ഇങ്ങനെ ചെയ്യണമെന്ന് താന്‍ ഒരിക്കലും പറയില്ലെന്നും 24ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

‘കല്യാണം കഴിച്ച് ഫാമിലിയായി ജീവിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. കല്യാണം താല്‍പര്യമില്ല എന്നൊരു മനോഭാവമില്ല. പക്ഷേ അതിന് വേണ്ടി ഒരു തിടുക്കമില്ല. ഇത്ര വയസായി, അതുകൊണ്ട് ഇപ്പോള്‍ തന്നെ കല്യാണം കഴിക്കണമെന്നൊരു ചിന്തയില്ല. നല്ല രീതിയില്‍ വരുമ്പോള്‍ വരട്ടെയെന്നുള്ളതേയുള്ളൂ. പക്ഷേ കഴിക്കില്ല എന്നൊരു ആറ്റിറ്റിയൂഡ് ഇല്ല.

പ്രണയമെന്ന ഫീലിങ്ങിനോട് ഭയങ്കര അറ്റാച്ച്മെന്റുള്ള ആളാണ് ഞാന്‍. കല്യാണം ഭയങ്കര പവിത്രമായി കാണുന്ന ആളാണ് ഞാന്‍. സീത സീരിയല്‍ നടക്കുന്ന സമയത്ത് ഏതോ അഭിമുഖത്തില്‍ എന്റെ ഹസ്ബന്‍ഡ് കുറച്ച് ഡോമിനേറ്റിങ് പവറുള്ള ആളായാലും കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നു. കുറച്ച് ഫ്രീഡം റെസ്ട്രിക്റ്റ് ചെയ്യുന്ന ആളായാലും എനിക്ക് കുഴപ്പമില്ല. എനിക്ക് കുഴപ്പമില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ, എല്ലാ സ്ത്രീകളും അങ്ങനെ ആവണം എന്ന് ഞാന്‍ പറഞ്ഞില്ല.

ഞാന്‍ തന്നെ കുക്ക് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. ഹസ്ബന്‍ഡ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ വെയ്റ്റ് ചെയ്ത് ഇരിക്കുന്നത് ഇഷ്ടമാണ്. രാവിലെ എഴുന്നേറ്റ് കാല്‍ തൊട്ട് വണങ്ങമെന്നുണ്ട്, പ്രാക്ടിക്കലാകുമോ എന്നറിയില്ല. പക്ഷേ അതൊക്കെ എന്റെ ഇഷ്ടമാണ്.

അങ്ങനത്തെ ഒരു ലൈഫ് സ്റ്റൈല്‍ എനിക്ക് ഇഷ്ടമാണ്. അല്പം ഡോമിനേറ്റിങ് പവറുള്ള ഹസ്ബന്‍ഡ് ഇടക്ക് നോ പറയുകയാണെങ്കില്‍ അത് ആക്‌സപ്റ്റ് ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്റെ വിവാഹ സങ്കല്‍പവും പ്രണയ സങ്കല്‍പ്പവുമൊക്കെ അങ്ങനെയാണ്. മറ്റുള്ളവരും ഇങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്ന വിഷയത്തെ പറ്റി എനിക്കൊന്നും പറയാനില്ല,’ സ്വാസിക പറഞ്ഞു.

ചതുരമാണ് ഒടുവില്‍ റിലീസ് ചെയ്ത സ്വാസികയുടെ ചിത്രം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് ഇറോട്ടിക് ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ റോഷന്‍ മാത്യൂ, അലന്‍സിയര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: swasika talks about her marriage concepts