വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സ്വാസിക. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ സ്വാസിക അവതരിപ്പിച്ചിരുന്നു. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി.
സ്വാസികയുടെ പുതിയ ചിത്രമാണ് ലബ്ബര്‍ പന്ത്. യശോദ എന്ന കഥാപാത്രത്തെയാണ് സ്വാസിക ലബ്ബര്‍ പന്തില്‍ അവതരിപ്പിച്ചത്. സ്വാസികയുടെ കരിയറിലെ ഇതുവരെയുള്ള മികച്ച പ്രകടനമായിട്ടാണ് യശോദയെ കാണുന്നത്.
ലബ്ബര്‍ പന്ത് എന്ന സിനിമ ചെയ്യാന്‍ വേണ്ടി സംവിധായകന്‍ തന്നെ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. ഒരു ദിവസം ചിത്രത്തിന്റെ സംവിധായകന്‍ തന്നെ വിളിച്ച് ആ കഥാപാത്രം താന്‍ ചെയ്താല്‍ മാത്രമേ ശരിയാകുകയുള്ളുവെന്ന് പറഞ്ഞെന്ന് സ്വാസിക പറയുന്നു.
താന്‍ ചെയ്താലേ ശരിയാകുകയുള്ളെന്ന് സംവിധായകന്‍ പറയാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ തന്റെ വാസന്തി എന്ന സിനിമയും ചതുരം എന്ന സിനിമയുടെ ഭാഗങ്ങളും യൂട്യൂബില്‍ കണ്ടെന്ന് സംവിധായകന്‍ പറഞ്ഞെന്ന് സ്വാസിക കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സ്വാസിക.
‘ഇങ്ങനെ ഒരു സിനിമയുണ്ട്. നിങ്ങളത് ചെയ്യണം. നിങ്ങള്‍ ചെയ്താലേ അത് നന്നാകു എന്ന് തോന്നുന്നു, എന്ന് ഒരു സംവിധായകന്‍ ഇങ്ങോട്ട് വന്ന് എന്നോട് പറയുകയാണ്. ഇതാരാണപ്പാ എന്നെ ഇതുവരെയും കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്യാത്തൊരാള്‍ ഞാന്‍ ചെയ്താലേ ശരിയാകുകയുള്ളുവെന്ന് പറയുന്നത് എന്ന് അപ്പോള്‍ ആലോചിച്ചു.
ഇതൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും ഒരു സംവിധായകന്‍ നമ്മളെ വിശ്വസിച്ച് വലിയൊരു കഥാപാത്രം ഏല്‍പ്പിക്കണമെങ്കില്‍ എന്തായിരിക്കും കാരണം എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ എനിക്ക് തോന്നി ഇതെനിക്ക് എന്തോ നല്ല കാര്യങ്ങള്‍ വരാനുള്ളതിന്റെയാണ് എന്ന്,’ സ്വാസിക പറയുന്നു.
Content Highlight: Swasika Talks About Her Character In Lubber Pandhu Movie