| Friday, 11th November 2022, 3:30 pm

ഞാന്‍ ചെയ്തില്ലെങ്കിലും വേറെ ആരെങ്കിലും ചെയ്യും, അത് ചിലപ്പൊ നന്നാകും; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടില്ല എന്ന് നേരത്തെ അറിയാമായിരുന്നു: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. ഇറോട്ടിക് ഡ്രാമ ഴോണറിലൊരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്.

എ സര്‍ട്ടിഫിക്കറ്റ് ആയിരിക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഈ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ വീട്ടില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും പറയുകയാണ് സ്വാസിക. ചതുരം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”എന്റെ അമ്മക്ക് എല്ലാ കാര്യങ്ങളും അറിയാം. ഞാന്‍ അത്രയും കംഫര്‍ട്ടബിളാണ്. അമ്മ എന്റെയടുത്ത് ചോദിച്ചിരുന്നു, നീ ഇത് ചെയ്യുമ്പോള്‍ ഓക്കെ ആയിരിക്കുമോ, നല്ലവണ്ണം ആലോചിച്ചിട്ട് വേണം ചെയ്യാന്‍, പിന്നെ അവിടെ ചെന്നിട്ട് കരഞ്ഞുപിടിച്ച് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, എന്ന്.

അങ്ങനെ മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ. അല്ലാതെ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും പറഞ്ഞിട്ടില്ല.

ഞാനും അമ്മയും തമ്മില്‍ ഇക്കാര്യം ഡിസ്‌കസ് ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞതിതാണ്, ‘അമ്മാ, ഞാന്‍ ഈ സിനിമ ചെയ്തില്ലെങ്കില്‍ വേറെ ആരെങ്കിലും ഇത് ചെയ്യും, അത് ചിലപ്പൊ നന്നാകും.

സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോഴും ഒരു മോശം റെസ്‌പോണ്‍സൊന്നും ഉണ്ടായിട്ടില്ല. എന്റെ വീട്ടില്‍ വലിയ വഴക്കോ ബഹളമോ ഒന്നും ഉണ്ടായിട്ടില്ല. കാരണം ഈ സിനിമ ഇങ്ങനെയായിരിക്കുമെന്ന് എന്റെ വീട്ടിലും അറിയാമായിരുന്നു.

ഞങ്ങളുടെ അടുത്ത് സിദ്ധുവേട്ടന്‍ (സിദ്ധാര്‍ത്ഥ് ഭരതന്‍) എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു. സിനിമയില്‍ ഇങ്ങനെയുള്ള സീനുകളുണ്ട്, ഡയലോഗുകളുണ്ട്, ഇതാണ് സംഭവം എന്നൊക്കെ.

അതുകൊണ്ട് തീര്‍ച്ചയായും ഇതിന് തിയേറ്ററില്‍ ഒരു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടില്ല എന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നു. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇതില്‍ അഭിനയിച്ചത്. അല്ലാതെ ഇതൊന്നും അറിയാതെ പെട്ട് പോയതൊന്നുമല്ല. നമുക്കെല്ലാവര്‍ക്കും ലൈഫില്‍ ഒരിക്കല്‍ ‘ഒരു ലൈഫ് ചേഞ്ചിങ്’ മൊമന്റ് ഉണ്ടാകുമല്ലോ,” സ്വാസിക പറഞ്ഞു.

Content Highlight: Swasika talks about Chathuram movie

We use cookies to give you the best possible experience. Learn more