ആ കോമ്പിനേഷന്‍ സീനില്‍ മണിച്ചിത്രത്താഴിലെ ശോഭന മാമിന്റെ റഫറന്‍സ് ആണെടുത്തത്: സ്വാസിക
Film News
ആ കോമ്പിനേഷന്‍ സീനില്‍ മണിച്ചിത്രത്താഴിലെ ശോഭന മാമിന്റെ റഫറന്‍സ് ആണെടുത്തത്: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th November 2022, 8:17 am

അഭിനേത്രി എന്ന നിലയില്‍ എപ്പോഴും റോള്‍ മോഡലാക്കിയിട്ടുള്ളത് ശോഭനയെ ആണെന്ന് സ്വാസിക. ശോഭനയും മഞ്ജു വാര്യറും ചെയ്തത് പോലെയുള്ള നായിക കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും അല്ലെങ്കില്‍ ലളിതാമ്മ ചെയ്തത് പോലെയുള്ള ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

‘കന്മദത്തിലും കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലും മഞ്ജു ചേച്ചി ചെയ്തത് പോലെ, മണിച്ചിത്രത്താഴിലെ ശോഭന മാം ചെയ്ത അല്ലെങ്കില്‍ തലയണ മന്ത്രത്തിലെ ഉര്‍വശി മാം ചെയ്തത് പോലെയുള്ള കഥാപാത്രങ്ങള്‍ ഒക്കെയാണ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹം.

അല്ലെങ്കില്‍ ലളിതാമ്മ ചെയ്തത് പോലെയുള്ള ക്യാരക്ടര്‍ റോളുകള്‍. പക്ഷേ ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് 13 വര്‍ഷമായിട്ടും നിക്കുന്നത്. ഒരു ആത്മസംതൃപ്തി ഇത്ര നാളായിട്ടും എവിടെയോ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഗേള്‍ നെക്‌സ്റ്റ് ഡോര്‍, ഭയങ്കര ബബ്ലിയായി നസ്രിയ ചെയ്യുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ല.

അഭിനേത്രി എന്ന നിലയില്‍ എന്റെ റോള്‍ മോഡലെപ്പോഴും ശോഭന മാം ആണ്. മിക്ക സിനിമകളിലും മാമിന്റെ ഏതെങ്കിലും കഥാപാത്രങ്ങളൊക്കെ നോക്കിയിട്ട് ചെറിയ രീതിയില്‍ നടത്തമൊക്കെ ചെയ്യാന്‍ നോക്കാറുണ്ട്.

കുമാരിയിലും ഞാന്‍ ശോഭന മാമിന്റെ ഒന്നുരണ്ട് മാനറിസങ്ങള്‍ എടുത്തിട്ടുണ്ട്. ഹിറ്റ്‌ലര്‍, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളില്‍ നിന്നുമാണ് റഫറന്‍സ് എടുക്കുന്നത്. കുമാരി കണ്ടവര്‍ക്ക് അറിയാം. ഷൈനും എന്റെ ഹസ്ബന്‍ഡും തമ്മില്‍ പെട്ടെന്ന് ഒരു തര്‍ക്കം ഉണ്ടാവുന്നുണ്ട്. ആ സമയത്ത് ഐഷു അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ തടഞ്ഞുനിര്‍ത്തുന്ന രംഗമുണ്ട്.

അതില്‍ മണിച്ചിത്രത്താഴില്‍ ശോഭനയും വിനയപ്രസാദും തമ്മിലുള്ള സീനിന്റെ ഒരു കണ്ടന്റ് ഞാന്‍ എടുത്തിട്ടുണ്ട്. ചെറിയൊരു ലുക്കാണ്. ആ സീനില്‍ മാമിന്റെ ചെറിയൊരു എക്‌സ്പ്രഷന്‍ ഒന്ന് എടുത്ത് നോക്കാമെന്ന് കരുതി. അത് ആളുകള്‍ക്ക് വര്‍ക്കായിട്ടുണ്ടോ എന്ന് എനിക്കറിയില്ല,’ സ്വാസിക പറഞ്ഞു.

Content Highlight: Swasika says that Shobhana has always been her role model as an actress