|

ഭര്‍ത്താവിന് താഴെ ജീവിക്കാനാണ് തീരുമാനം; ഫാമിലി ലൈഫില്‍ എനിക്ക് ഇക്വാലിറ്റിയും ഫ്രീഡവും വേണ്ട: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സ്വാസിക. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ കൊണ്ട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന നടി കൂടെയാണ് സ്വാസിക. സീരിയല്‍ നടന്‍ പ്രേം ജേക്കബുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങും എന്നായിരുന്നു സ്വാസിക പറഞ്ഞത്. വിവാഹ ശേഷം സ്വാസിക തന്റെ കാല്‍ തൊട്ട് വണങ്ങാറുണ്ടെന്നും താന്‍ കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കാറുണ്ടെന്നും താന്‍ പ്ലേറ്റ് കഴുകിയാല്‍ ദേഷ്യമാണെന്നും പങ്കാളിയായ പ്രേം ജേക്കബും പറഞ്ഞിരുന്നു.

തന്റെ പേഴ്‌സണല്‍ ലൈഫില്‍ താന്‍ ഇങ്ങനെയാണ് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പറയുകയാണ് സ്വാസിക. ഭര്‍ത്താവിന് താഴെ ജീവിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കല്യാണം കഴിക്കുന്നതിന് മുമ്പേ തീരുമാനിച്ചതാണെന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാസിക.

‘ഞാന്‍ എന്റെ അഭിപ്രായമാണ് പലപ്പോഴും പറയുന്നത്. എന്റെ പേഴ്‌സണല്‍ ലൈഫിനെ കുറിച്ച് ചോദിക്കുകയാണെങ്കില്‍, എന്റെ പേഴ്‌സണല്‍ ലൈഫില്‍ ഞാന്‍ ഇങ്ങനെയാണ് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹസ്ബന്‍ഡിന് താഴെ ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അത് ഞാന്‍ ഇപ്പോള്‍ തീരുമാനിച്ചതല്ല. വളരെ ചെറുപ്പത്തിലേ തന്നെ തീരുമാനിച്ചതാണ്. അതായത് കല്യാണം കഴിക്കുന്നതിന് മുമ്പൊക്കെയുള്ള ടീനേജ് പ്രായത്തിലേ തന്നെ തീരുമാനിച്ചിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല.

പിന്നെ എന്റെ അച്ഛനും അമ്മയും അങ്ങനെയാണോയെന്ന് ചോദിച്ചാല്‍, അല്ല. എന്റെ അമ്മൂമ അങ്ങനെ ആയിരുന്നോയെന്ന് ചോദിച്ചാലും, അല്ല. ഇവരാരും അങ്ങനെയല്ല. പക്ഷെ ഞാന്‍ എന്തുകൊണ്ടോ ഇങ്ങനെ തീരുമാനിച്ചു. കാരണം ചോദിച്ചാല്‍ എനിക്കും അറിയില്ല. പക്ഷെ ഞാന്‍ ഇങ്ങനെ ജീവിക്കാനാണ് പോകുന്നതെന്ന് മാത്രമേ എനിക്ക് അറിയുകയുള്ളൂ.

അതുകൊണ്ടാണ് കാലു പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. അത് തെറ്റാണോയെന്ന് ചോദിച്ചാല്‍ തെറ്റാണ്. നിങ്ങള്‍ക്കത് തെറ്റാണ്. ഞാന്‍ ഒരിക്കലും മറ്റുള്ളവരോട് അങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല. അതാണ് പെര്‍ഫക്ട് സ്ത്രീയെന്ന് ഞാന്‍ ഒരിക്കലും പറയുന്നില്ല. അതല്ല പെര്‍ഫക്ട് സ്ത്രീ.

സ്ത്രീകള്‍ എപ്പോഴും ഇന്‍ഡിപെന്‍ഡന്റാകണം, ഇക്വാലിറ്റിയില്‍ വിശ്വസിക്കണം. കല്യാണമെന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ വേറെയൊരു സംഭവമല്ല. അത് നോര്‍മലായ ഒരു സംഭവമാണ്. പക്ഷെ എനിക്ക് ഇതൊക്കെ വേറെയാണ്. എനിക്ക് ഈ പറഞ്ഞ ഇക്വാലിറ്റി എന്റെ ഫാമിലി ലൈഫില്‍ വേണ്ട. എനിക്ക് ഈ ഫ്രീഡം വേണ്ട. ഞാന്‍ ഇങ്ങനെയാണ് ഇഷ്ടപ്പെടുന്നത്,’ സ്വാസിക പറയുന്നു.

Content Highlight: Swasika Says She Decided To Live Below The Husband And She Don’t Want Equality And Freedom In Family Life