ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വന്ന ഉടല്‍ എന്ന ചിത്രത്തില്‍ താനായിരുന്നു നായികയാവേണ്ടിയിരുന്നതെന്ന് സ്വാസിക. ചെറിയൊരു ഡേറ്റിന്റെ പ്രശ്‌നത്തിലാണ് ആ ചിത്രം നഷ്ടപ്പെട്ടതെന്നും വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.
‘എനിക്ക് വരാനുള്ളതാണെങ്കില്‍ വന്നിരിക്കും എന്നതാണെന്റെ വിശ്വാസം. അതിപ്പോള്‍ സീരിയല്‍ ചെയ്താലും യൂട്യൂബില്‍ വീഡിയോ ചെയ്താലും എനിക്ക് ഒരു സിനിമ വരാനുണ്ടെങ്കില്‍ അത് വന്നിരിക്കും. ചതുരം എനിക്ക് വേണ്ടിയുള്ള സിനിമയാണ്. ഇല്ലെങ്കില്‍ എന്നെപ്പോലെ ഒരു ആക്ടറിന് ഒരു സംവിധായകനും നിര്‍മാതാവും ഈ കഥാപാത്രം തരില്ല. അങ്ങനത്തെ ഒരു കഥാപാത്രവും ഞാന്‍ മുമ്പ് ചെയ്തിട്ടില്ല. അങ്ങനെ പ്രൂവ് ചെയ്തിട്ടുള്ള ആക്ടറസല്ല ഞാന്‍.
മലയാളത്തില്‍ അതുപോലെയുള്ള ഒരുപാട് ഹീറോയിന്‍സ് ഉണ്ട്. ഐശ്വര്യ ലക്ഷ്മി, രജിഷ, നിമിഷ, അന്ന ബെന്‍ അങ്ങനെയുള്ള അടിപൊളി പെര്‍ഫോമേഴ്‌സിന്റെ ഇടയില്‍ നിന്നും അത് കറങ്ങിത്തിരിഞ്ഞ് എന്നിലേക്ക് വരുന്നതിന് കാരണം അതെനിക്കുള്ള കഥാപത്രമായതുകൊണ്ടാണ്.
ഞാന്‍ ആ സമയത്തും സീരിയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണായതുകൊണ്ട് ഷെഡ്യൂള്‍ ഒന്ന് ബ്രേക്കായന്നേയുള്ളൂ. പക്ഷേ ഞാന്‍ സീരിയല്‍ ചെയ്യുന്ന കാര്യം സിദ്ധുവേട്ടന് അറിയില്ലായിരുന്നു. അതുകൊണ്ടായിരിക്കും അദ്ദേഹം എന്നെ വിളിച്ചത്. പക്ഷേ അതൊരു ദൈവനിമിത്തമാണ്. ഞാന്‍ സീരിയല്‍ നടിയാണെന്ന് അറിയിക്കാതെ എന്നെ ആ സിനിമയിലേക്ക് എത്തിച്ചത് ഏതോ ഒരു യൂണിവേഴ്‌സല്‍ പവറാണ്. എഗ്രിമെന്റ് എഴുതിയതിന് ശേഷമാണ് അക്കാര്യം അറിയുന്നത്. അപ്പോള്‍ പിന്നെ മാറ്റാനും പറ്റില്ല. അങ്ങനെ ഒരു കറക്കികുത്തായിരുന്നു.
ചെയ്ത എല്ലാ സിനിമയും സീരിയലിന്റെ ഇടയിലാണ് ചെയ്തത്. ഡേറ്റ് ക്ലാഷാവുന്നത് കൊണ്ടാണ് സീരിയല്‍ ആക്ടേഴ്‌സിനെ സാധാരണ സിനിമയിലേക്ക് വിളിക്കാത്തത്. കാരണം സീരിയലിന്റെ ഷൂട്ട് 25 ദിവസം വരെയൊക്കെ പോവാറുണ്ട്. അതില്‍ നിന്നും ഒരു ബ്രേക്ക് കിട്ടുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പക്ഷേ ഞാന്‍ എങ്ങനെ 40 ദിവസം ചതുരത്തിന് കൊടുത്തു. അത് ഏതോ ഒരു ശക്തിയാണ്, അല്ലെങ്കില്‍ ഒരിക്കലും ഡേറ്റ് കൊടുക്കാന്‍ പറ്റില്ല.
35 ദിവസം ഇട്ടിമാണിക്ക് കൊടുത്തു. 18 ദിവസം പൊറിഞ്ചുവിന് കൊടുത്തു. എനിക്ക് ചെയ്യാനുള്ള സിനിമകളാണ് ഇതൊക്കെ. ആ സിനിമയില്‍ സ്വാസിക എന്ന് പറയുന്ന് ആളാണ് വേണ്ടത്. എന്തോ ഒരു ഡെസ്റ്റിനി കറക്ടായിട്ട് അങ്ങനെ ഒത്തുവന്നു.
ഉടല്‍ എന്ന സിനിമ ഞാനാണ് ചെയ്യാനിരുന്നത്. ആ സമയത്ത് ഞാന്‍ സീരിയലൊന്നും ചെയ്യാതെ വെറുതേ വീട്ടിലിരിക്കുകയായിരുന്നു. വെറും മൂന്ന് ദിവസത്തെ ഡേറ്റിന്റെ പ്രശ്‌നത്തിലാണ് ആ സിനിമ പോയത്. വന്ന ഡേറ്റില്‍ എനിക്കൊരു ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു. അത് ഏറ്റുപോയതുകൊണ്ട് മാറ്റാനും പറ്റിയില്ല. ബാക്കിയുള്ള 20 ദിവസവും ഞാന്‍ ഫ്രീ ആയിരുന്നു. അപ്പോള്‍ ആ സിനിമ എനിക്കുള്ളതല്ല. അതിനെക്കാളും വലിയ ഡേറ്റ് ഇഷ്യൂസ് മറികടന്നാണ് ബാക്കിയുള്ള സിനിമകളെല്ലാം ചെയ്തത്. അതുകൊണ്ട് ഉടല്‍ എന്ന സിനിമ എന്റെയല്ല, ദുര്‍ഗയുടേതാണ്,’ സ്വാസിക പറഞ്ഞു.
Content Highlight: Swasika said that she was supposed to be the heroine in the film Udal