| Wednesday, 18th December 2024, 5:20 pm

പൃഥ്വിരാജിന്റെയോ ദുല്‍ഖറിന്റെയോ നായികയാക്കി എന്നെപ്പോലുള്ളവരെ സങ്കല്പിക്കാന്‍ കഴിയാത്തവരുണ്ട്: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2009ല്‍ റിലീസായ വൈഗ എന്ന തമിഴ്ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് സ്വാസിക. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി. സ്വാസികയുടെ പുതിയ ചിത്രമായ ലബ്ബര്‍ പന്ത് ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു.

കരിയറില്‍ ഒരുപാട് സൈഡ് ക്യാരക്ടേഴ്‌സ് ചെയ്തതുകൊണ്ട് തന്നെ അധികം സംവിധായകര്‍ നായികയാക്കാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് സ്വാസിക. എന്തുകൊണ്ടാണ് അത്തരം മാറ്റം വരാത്തതെന്ന് പറയാന്‍ തനിക്ക് അറിയില്ലെന്ന് സ്വാസിക പറഞ്ഞു. മാറ്റം വരണമെന്ന് പലരും പറയുമ്പോഴും ഇത്തരം മാറ്റങ്ങള്‍ക്ക് അവരാരും തയാറാവില്ലെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ സൈഡ് ക്യാരക്ടേഴ്‌സ് ചെയ്തതുകൊണ്ട് തുടര്‍ന്നും അത്തരം കഥാപാത്രങ്ങളിലേക്ക് മാത്രമേ പലരും തങ്ങളെ പരിഗണിക്കുള്ളൂവെന്നും സ്വാസിക പറഞ്ഞു. സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയതുകൊണ്ട് തന്നെപ്പോലുള്ള നടിമാരെ പൃഥ്വിരാജിന്റെയോ ദുല്‍ഖറിന്റെയോ നായികയായി കാണാന്‍ കഴിയാത്തവരുണ്ടെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

എ.ആര്‍.എമ്മില്‍ സുരഭി ലക്ഷ്മിയെ ടൊവിനോയുടെ നായികയാക്കിയത് ധീരമായ പരീക്ഷണമായിരുന്നെന്നും മറ്റ് നായികമാരെക്കാള്‍ നല്ല കെമിസ്ട്രി തോന്നിയത് സുരഭിയോടൊപ്പമായിരുന്നെന്നും സ്വാസിക പറഞ്ഞു. ചതുരത്തിലും ലബ്ബര്‍ പന്തിലും നായികയാക്കിയതുപോലെയും ചിലര്‍ മാത്രമേ അത്തരം ധീരമായ പരീക്ഷണങ്ങള്‍ക്ക് മുതിരുള്ളൂവെന്ന് സ്വാസിക പറഞ്ഞു. അത്തരം മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിനായി കാത്തിരിക്കേണ്ടി വരുമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സ്വാസിക.

‘അവാര്‍ഡുകള്‍ കിട്ടിയിട്ടും എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നില്ല എന്ന് പറയാന്‍ എനിക്ക് അറിയില്ല. മാറ്റം വേണമെന്ന് പലരും പറയുമ്പോഴും അത്തരം മാറ്റങ്ങള്‍ക്ക് ഇവരില്‍ ഭൂരിഭാഗവും തയാറല്ല എന്നതാണ് സത്യം. ഒരുപാട് കാത്തിരുന്നാല്‍ മാത്രമേ മികച്ച വേഷങ്ങള്‍ നമുക്ക് കിട്ടാറുള്ളൂ. പൃഥ്വിരാജിന്റെയോ ദുല്‍ഖറിന്റെയോ നായികയായി ഞങ്ങളെ കാണാന്‍ ചിലര്‍ക്ക് ഇപ്പോഴും കഴിയില്ല.

തുടക്കം തൊട്ട് ഞങ്ങളെയൊക്കെ സൈഡ് ക്യാരക്ടേഴ്‌സ് മാത്രം ചെയ്യുന്നതുകൊണ്ട് അത്തരം വേഷത്തില്‍ മാത്രമേ ഞങ്ങളെ കാണാന്‍ പലര്‍ക്കും കഴിയുള്ളൂ എന്ന് തോന്നിയിട്ടുണ്ട്. ജിതിന്‍ ലാല്‍ എന്ന സംവിധായകന്‍ ടൊവിനോയുടെ നായികയായി സുരഭി ലക്ഷ്മിയെ നായികയാക്കിയത് നല്ലൊരു പരീക്ഷണമായിരുന്നു. വേറെയും നായികമാര്‍ ഉണ്ടായിരുന്നിട്ട് കൂടി ടൊവിനോയും സുരഭിയും തമ്മിലായിരുന്നു നല്ല കെമിസ്ട്രി.

അതുപോലെ സിദ്ധുവേട്ടന്‍ എനിക്ക് ചതുരം തന്നതുപോലെ അല്ലെങ്കില്‍ തമിഴരസന്‍ എന്നെ ലബ്ബര്‍ പന്തിലേക്ക് വിളിച്ചതുപോലെ നല്ല വേഷങ്ങള്‍ തേടിവരും. പക്ഷേ ഇതുപോലുള്ള വേഷങ്ങള്‍ കിട്ടാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വരും എന്നതാണ് പ്രധാനപ്പെട്ട കാര്യം,’ സ്വാസിക പറയുന്നു.

Content Highlight: Swasika about Surabhi Lakshmi’s character in ARM

We use cookies to give you the best possible experience. Learn more