| Tuesday, 8th November 2022, 6:46 pm

ആലിയയുടെയും ദീപികയുടെയും സിനിമകള്‍ കണ്ട് കയ്യടിക്കുന്നവരാണ് മലയാളികള്‍, ഇവിടെ ഒരാള്‍ അങ്ങനെ ചെയ്താല്‍ അംഗീകരിക്കില്ല: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ഇറോട്ടിക് ഴോണറിലുള്ള ചിത്രമാണ് ചതുരം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികയും റോഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇറോട്ടിക് രംഗങ്ങളുടെ പേരില്‍ ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ വളരെ ബോള്‍ഡായിട്ടാണ് സ്വാസിക അവതരിപ്പിക്കുന്നത്. ചതുരം പോലെയുള്ള ചിത്രങ്ങളെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപാടിനെക്കുറിച്ച് പറയുകയാണ് താരം.
വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്.

”ദുര്‍ഖയുടെ ഉടലിന്റെ പാട്ട് ഇറങ്ങിയപ്പോള്‍ തൊട്ട് ദുര്‍ഖക്ക് ഇങ്ങനെ സൈബര്‍ബുള്ളിങ് വരുന്നുണ്ട്. ഞാന്‍ അപ്പോഴും വിചാരിക്കുന്നത് എന്തിനാണ് ഇതിനെ ഇത്രവലിയ കാര്യമാക്കുന്നതെന്നാണ്. ഈ പറയുന്ന മലയാളി പ്രേക്ഷകര്‍ തന്നെയാണ് ദീപികയുടെ ഗഹരിയാന്‍ കണ്ടിട്ടും ആലിയയുടെ സിനിമകള്‍ കണ്ടും ഭയങ്കര കയ്യടിക്കുന്നത്.

അവര്‍ ഭയങ്കര ആക്ട്രസാണ് അവരെപ്പോലെ വേണം ആളുകള്‍ എന്ന് പറയുന്നതില്‍ 50ശതമാനവും നമ്മള്‍ മലയാളികളാണ്. അങ്ങനെ ഇരിക്കുമ്പോള്‍ നമ്മുടെ മലയാളത്തില്‍ നിന്നും ഒരാള്‍ അതുപോലെ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുകയല്ലേ വേണ്ടത്.

ഈ സിനിമയിലേക്ക് വന്നപ്പോഴും ഇത്തരത്തിലെ കാര്യങ്ങള്‍ ഞാന്‍ നേരിടേണ്ടി വരുമെന്ന് ആദ്യമേ അറിയാമായിരുന്നു. കാരണം ഞാന്‍ ഇതുവരെ ഇങ്ങനെ അഭിനയിക്കാത്തത് കൊണ്ട് അത്തരം കമന്റ്‌സ് വരുമെന്ന് ഉറപ്പായിരുന്നു. ഇവരില്‍ നിന്നും ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിട്ടില്ലെന്ന രീതിയില്‍ എല്ലാവരും പറയുമെന്ന് എനിക്ക് അറിയാമായിരുന്നു.

ആളുകളുടെ ചിന്താഗതിയിലാണ് മാറ്റം വരേണ്ടത്. അല്ലാതെ സിനിമയിലൂടെ പൊളിറ്റിക്കല്‍ കറക്ടനസ് മാത്രം കാണിച്ചതുകൊണ്ട് കാര്യമില്ല. ഞങ്ങളുടെ ചതുരത്തിലായാലും ദുര്‍ഖ ചെയ്ത സിനിമയിലായാലും കഥാപാത്രത്തിന് ആ സീന്‍ ആവശ്യമായിരുന്നു.

ഇതൊന്നും കാണിച്ചില്ലെങ്കിലും ആളുകള്‍ പറയും ഇക്കാലത്തും ഇങ്ങനത്തെ സിനിമയാണോ കൊടുക്കുന്നതെന്ന്. എന്ത് മേക്കിങ്ങാണെന്നും പറഞ്ഞ് അതിനും കുറ്റപ്പെടുത്തും. ആളുകള്‍ കൂടുതലായ് ഇന്റര്‍നാഷണല്‍ മൂവി കാണുന്നത് കൊണ്ടും എല്ലാവര്‍ക്കും സിനിമയെക്കുറിച്ച് നല്ല ധാരണയും ഉണ്ട്. അതുകൊണ്ട് കൂടിയാണ് മലയാളത്തില്‍ ഇത്തരം സിനിമകള്‍ ഡയറക്ടേര്‍സ് ചെയ്യുന്നത്.

മാറ്റം വരണം ഇല്ലെങ്കില്‍ മലയാള സിനിമ അന്നും ഇന്നും ഒരു പോലെ ആവില്ലേ. മറ്റ് സിനിമകള്‍ എല്ലാം മലയാളത്തിന് മുമ്പേ മാറി കഴിഞ്ഞു. അതുകൊണ്ട് ഇനി എങ്കിലും വരുന്ന മാറ്റത്തെ അഭിനന്ദിച്ച് മുന്നോട്ട് പോകേണ്ടതിവരും.

നടി അത് ചെയ്തു അതുമാത്രം മോശം എന്ന് പറഞ്ഞ് ഇരിക്കാന്‍ പറ്റുമോ. നടി ചെയ്താല്‍ അവര്‍ മോശം, നടന്‍ അങ്ങനെ ചെയ്താല്‍ ഓക്കെ ഫൈന്‍ എന്ന ചിന്ത. അത്തരം ചിന്തകള്‍ മലയാളികള്‍ എന്ന് മാറ്റുന്നുവോ അന്ന് കുറേ കൂടി നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകും,” സ്വാസിക പറഞ്ഞു.

content highlight: swasika about chathuram movie

We use cookies to give you the best possible experience. Learn more