|

ഇന്ന് മണിച്ചിത്രത്താഴ് പോലൊരു സിനിമ എടുക്കാന്‍ കഴിയില്ല, അവര്‍ പോയത് വലിയ നഷ്ടം: സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെതായിരുന്നു തിരക്കഥ. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ, മനുഷ്യന്റെ മാനസിക ആരോഗ്യവും ഹൊററും ബന്ധപ്പെടുത്തി മലയാളത്തില്‍ അതുവരെ കണ്ടിട്ടില്ലാത്ത പുത്തന്‍ പ്രമേയം അവതരിപ്പിച്ച് ഒരേ സമയം ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും പിടിച്ചുപറ്റി.

കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളില്‍ മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ എല്ലാ ഭാഷയിലെ റീമേക്കുകളും വന്‍ വിജയമാണ് നേടിയത്.

മണിച്ചിത്രത്താഴ് ഇന്നാണെങ്കില്‍ എടുക്കാന്‍ കഴിയില്ലെന്നും അതിലെ ഇന്നസെന്റ്, കെ.പി.എസ്.ഇ ലളിത, നെടുമുടി വേണു, പപ്പു, തുടങ്ങിയ അതുല്യ കലാകാരന്മാരുടെ വേര്‍പാട് വേദനിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

‘ഇന്നസെന്റ്, ലളിത ചേച്ചി, നെടുമുടി വേണു ചേട്ടന്‍, പപ്പുഏട്ടന്‍ എന്നിവരുടെ വേര്‍പാട് വളരെ വേദനപ്പിക്കുന്നതാണ്. ആ നാല് പേരുടെയും കാസ്റ്റിങ് നല്ല ഒഴുക്കുള്ളതായിരുന്നു. സിനിമ തുടങ്ങി അതിന്റെ അവസാനം വരെ അവരുടെയെല്ലാം പെര്‍ഫോമന്‍സ് എന്ന് പറയുന്നത് ഒഴിച്ച് കൂടാനാകാത്തതാണ്.

ഇപ്പോഴാണെങ്കില്‍ ഇങ്ങനത്തെ ഒരു സിനിമ എടുക്കാന്‍ പറ്റില്ല. കാരണവരായിട്ട് നെടുമുടി വേണു ചേട്ടന്‍ തന്നെ വേണം, ലളിതച്ചേച്ചിയും ഇന്നസെന്റും ഭാര്യയും ഭര്‍ത്താവുമായി വേണം. ഇന്നസെന്റ് ആ ചന്ദനമെല്ലാം തൊട്ട് വന്നു കഴിഞ്ഞാല്‍, ആ നടപ്പിലും ഇരിപ്പിലുമെല്ലാം കറക്റ്റ് ഒരു അസ്സല്‍ നായര്‍ ലുക്ക് വരും. ഇന്ന് അങ്ങനത്തെ ഒരു സിനിമ എടുക്കാന്‍ ഭയങ്കര വിഷമമായിരിക്കും,’ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

മണിച്ചിത്രത്താഴില്‍ ശോഭന തന്നെ അഭിനയിക്കണമെന്ന് സംവിധായകന്‍ ഫാസിലിന് നിര്‍ബന്ധം ഉണ്ടായിരുന്നെന്നും നാഷണല്‍ അവാര്‍ഡ് വരെ തന്റെ ചെറു പ്രായത്തില്‍ വാങ്ങണമെങ്കില്‍ ശോഭന ചില്ലറക്കാരി അല്ലെന്നും സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

‘ശോഭന തന്നെ വേണം എന്ന് ഫാസില്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ഒരു ഡാന്‍സര്‍ ആയിരിക്കണം. നന്നായിട്ട് അഭിനയിക്കാന്‍ കഴിയണം. ശോഭന അല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. ആ പ്രായത്തില്‍ അവരുടെ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് വരെ വാങ്ങിച്ചില്ലേ. ചില്ലറ കാര്യമല്ല,’ സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍ പറയുന്നു.

Content Highlight: Swarggachithra Appachan Talks About K.P.A.C. Lalitha, Nedumudi Venu, Pappu And Shobana

Video Stories