| Monday, 12th August 2024, 3:01 pm

പ്രിയദര്‍ശനും സിബി മലയിലും സിദ്ദിഖ് ലാലും മണിച്ചിത്രത്താഴിലേക്ക് വന്നത് ഈ കാരണം കൊണ്ട് : സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993-ല്‍ ഫാസില്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബിമലയില്‍ എന്നിവര്‍ മണിച്ചിത്രത്താഴിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ മണിച്ചിത്രത്താഴ് നേടി. ഗംഗയെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിക്കുകയുണ്ടായി.

നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്ത ചിത്രം 31 വര്‍ഷങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 17 ന് വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്.

മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ്ങ് സമയത്ത് തന്നെ ചിത്രം നാഷണല്‍ അവാര്‍ഡിന് അയക്കണമെന്ന് ഫാസിലിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും കൃത്യസമയത്ത് തന്നെ ഷൂട്ടിങ്ങ് തീര്‍ക്കാനായാണ് പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ് ലാല്‍ എന്നീ സംവിധായകരെ കൂട്ടിയതെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

‘നവംബര്‍ മാസം അവസാനമാണ് മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ഡിസംബര്‍ 31 ആകുമ്പോഴേക്കും ഷൂട്ടിങ്ങ് കഴിഞ്ഞു സെന്‍സര്‍ ചെയ്തു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ സിനിമ നാഷണല്‍ അവാര്‍ഡിന് അയക്കാന്‍ പറ്റുകയുള്ളു.

നാഷണല്‍ അവാര്‍ഡിന് സിനിമ അയക്കണമെന്ന് ഫാസിലിന് നിര്‍ബന്ധമുണ്ടായിരുന്നു. അവാര്‍ഡ് കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
അങ്ങനെയാണ് അദ്ദേഹം പ്രിയദര്‍ശനെയും സിബി മലയിലിനെയും സിദ്ദിഖ് ലാലിനെയും മണിച്ചിത്രത്താഴിലേക്ക് കൂട്ടുന്നത്. മലയാള സിനിമയില്‍ ഇത്രയും സംവിധായകരുടെ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

മുഴുവനും എഴുതിയ ഒരു സ്‌ക്രിപ്റ്റ് കയ്യിലുണ്ട്. ലൊക്കേഷനും വളരെ കുറവ്. ഒരു ലോക്കേഷന്‍ തൃപ്പുണിത്തറ ഹില്‍ പാലസും മറ്റൊന്ന് പത്മനാഭപുരം പാലസ്. എങ്ങനെയെങ്കിലും കൃത്യ സമയത്തത് ഷൂട്ടിങ്ങ് തീര്‍ക്കണമെന്നായിരുന്നു ഫാസിലിന്.

പ്രിയദര്‍ശനും സിബി മലയിലും ഫാസിലും അടുത്ത സുഹൃത്തുക്കള്‍ ആണ്. സിദ്ദിഖ് ലാല്‍ ആണെങ്കില്‍ ഫാസിലിന്റെ ശിക്ഷ്യരും. ഓരോ പോര്‍ഷനും ഓരോ സംവിധായകര്‍ക്ക് വീതിച്ച് കൊടുത്ത് ഓരോരുത്തരോടും എടുക്കാന്‍ ഫാസില്‍ പറയും. ഫാസിലിന്റെ ഭാവനയനുസരിച്ച് അവരത് കൃത്യമായിത്തന്നെ ചെയ്യും,’ സര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

Content Highlight: Swargachitra Appachan Talks About Manichithrathazhu and Director  Fasil

We use cookies to give you the best possible experience. Learn more