മണിച്ചിത്രത്താഴിലെ ആ ഐകോണിക് സീന്‍ സംവിധാനം ചെയ്തത് ഫാസില്‍ അല്ല, ഇദ്ദേഹമാണ്: സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍
Movie Day
മണിച്ചിത്രത്താഴിലെ ആ ഐകോണിക് സീന്‍ സംവിധാനം ചെയ്തത് ഫാസില്‍ അല്ല, ഇദ്ദേഹമാണ്: സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th August 2024, 12:46 pm

1993ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഫാസിലാണ്. സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിവര്‍ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു.

ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. നാഗവല്ലിയായും ഗംഗയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന അതേ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയെടുത്തു.

സിനിമ ഡിസംബറില്‍ തന്നെ റീലിസ് ചെയ്യണമെന്നുള്ളത് കൊണ്ട് സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബിമലയില്‍ തുടങ്ങിയ തന്റെ അടുത്ത സുഹൃത്തുക്കളും ശിക്ഷ്യരുമായ സംവിധായകരെ സിനിമയിലെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനായി വിളിച്ചിരുന്നെന്ന് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

ഫാസില്‍ ചില സീനുകള്‍ പ്രിയദര്‍ശനും സിദ്ദിഖ്-ലാലിനും സിബി മലയിലിനും ഷൂട്ട് ചെയ്യാനായി കൊടുക്കുമെന്നും അവര്‍ ഫാസിലിന് ഇഷ്ട്ടപ്പെടുന്ന രീതിയില്‍ അവ ഷൂട്ട് ചെയ്യുമെന്നും സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ പപ്പുവിന്റെ സീനുകളും മറ്റ് ഹ്യൂമര്‍ രംഗങ്ങളെല്ലാം അത്തരത്തില്‍ സിദ്ദിഖ്-ലാല്‍ എടുത്ത സീനാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്ന രംഗങ്ങളില്‍ ഒന്നായ ‘കക്കൂസില്‍ പോണമെടാ’ എന്ന സീനും ഷൂട്ട് ചെയ്തത് സിദ്ദിഖ്-ലാലാണ്.

‘ഹ്യൂമര്‍ അസാധ്യമായി ചെയ്യാന്‍ കഴിയുന്നവരാണ് ഫാസിലും സിദ്ദിക്കുമെല്ലാം. കോമഡിയുടെ ആശാന്മാരാണ് സിദ്ദിഖ്- ലാല്‍. മണിച്ചിത്രത്താഴിലെ പപ്പുവിന്റെ സീനും ഹ്യൂമര്‍ രംഗങ്ങങ്ങളും എടുത്തത് സിദ്ദിഖ്-ലാലാണ്,’ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

ഹിന്ദിയിലടക്കം നിരവധി ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തിരുന്നു. എല്ലാ ഭാഷകളിലെ റീമേക്കും വന്‍ വിജയമായിരുന്നു. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്. മണിച്ചിത്രത്താഴിന്റെ റീ റിലീസ് ഓഗസ്റ്റ് 17നാണ്.

Content  Highlight: Swargachitra Appacha Talks about  Manichitrathazhu and siddique lal