Entertainment
അന്ന് മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്നത് പോലെയുള്ള സിനിമകള്‍ വിജയ്ക്ക് പറ്റില്ലായിരുന്നു: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 06, 11:39 am
Tuesday, 6th August 2024, 5:09 pm

സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം വലിയ വിജയമായിരുന്നു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം പിന്നീട് അതേ പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിച്ച ഈ സിനിമയില്‍ വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ഈ സിനിമയിലേക്ക് വിജയ് എത്തിയതിനെ കുറിച്ച് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരിക്കല്‍ പാച്ചിക്ക അനിയത്തി പ്രാവ് തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ അതിന്റെ ഷൂട്ടിങ് കാണാന്‍ പോയിരുന്നു. വിജയ് എന്ന ഒരു ചെറുപ്പക്കാരനായിരുന്നു അതിലെ നായകന്‍. പാച്ചിക്ക അപ്പോള്‍ വിജയ്യെ വിളിച്ചു. എന്നെ ചൂണ്ടികാണിച്ച് ഇത് മലയാളം പടത്തിന്റെ പ്രൊഡ്യൂസറാണെന്ന് പറഞ്ഞു. വിജയ് അന്ന് ബഹുമാനത്തോടെ കസേര വലിച്ചിട്ട് എന്റെ അടുത്തിരുന്നു. അന്നവന്‍ വളരെ ചെറിയ ഒരു ചെക്കനായിരുന്നു. എനിക്ക് ആ സമയത്ത് അവനെ നായകനാക്കി ഒരു തമിഴ് പടം ചെയ്യാന്‍ ആഗ്രഹം തോന്നി.

ഞാന്‍ എനിക്ക് ഡേറ്റ് തരുമോയെന്ന് വെറുതെ ചോദിച്ചു. അന്ന് ചെയ്യാമല്ലോയെന്നാണ് വിജയ് മറുപടി പറഞ്ഞത്. അനിയത്തി പ്രാവ് പോലെ ഏതെങ്കിലും ഒരു സൂപ്പര്‍ഹിറ്റായ മലയാളം പടം വരുമ്പോള്‍ അത് റീമേക്ക് ചെയ്യാമെന്നാണ് അന്ന് വിജയ് എന്നോട് പറഞ്ഞത്. അന്ന് ചെറുപ്പക്കാരനായത് കൊണ്ട് വിജയ്ക്ക് ലവ് സ്റ്റോറി മാത്രമല്ലേ പറ്റുകയുള്ളൂ. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ചെയ്യുന്നത് പോലെയുള്ള സിനിമകള്‍ അയാള്‍ക്ക് പറ്റില്ലല്ലോ. അങ്ങനെയാണ് സത്യത്തില്‍ ഫ്രണ്ട്സ് എന്ന സിനിമ വരുന്നത്.

അതുകണ്ടതും ഇത് വിജയ്ക്ക് ചെയ്യാന്‍ പറ്റുമല്ലോയെന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ സിദ്ദിഖിനോട് ഈ കാര്യം പറയുകയും ചെയ്തു. സിദ്ദിഖ് ആ സമയത്ത് തമിഴ് പടങ്ങള്‍ അതുവരെ ചെയ്തിരുന്നില്ല. മുമ്പ് ഒരു ഹിറ്റ് പടവുമായി വരാന്‍ പറഞ്ഞ് വിജയ് എനിക്ക് വാക്ക് തന്നിട്ടുണ്ടല്ലോ. അന്ന് വിജയ് എന്നോട് ചങ്കില്‍ തട്ടി പറഞ്ഞതാണെന്ന് എനിക്ക് അറിയാമായിരുന്നു. വിജയ്‌യുടെ അടുത്ത് പോയി ഈ കാര്യം ഞാന്‍ സംസാരിച്ചു. ആദ്യം ഫ്രണ്ട്സിന്റെ മലയാളം കാണണമെന്ന് എന്നോട് പറഞ്ഞു.

അങ്ങനെ സിനിമ കണ്ട ശേഷം അത് നന്നായിട്ടുണ്ടെന്നാണ് വിജയ് പറഞ്ഞത്. അന്ന് വിജയ്യുടെ കൂടെ ഉണ്ടായിരുന്ന അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ സാര്‍ സിനിമയുടെ ക്ലൈമാക്സില്‍ ചെറിയ മാറ്റം വരുത്തിയാല്‍ നന്നാകുമെന്ന് പറഞ്ഞു. അത് ഡയറക്ടര്‍ തീരുമാനിക്കട്ടേയെന്നും സാറ് അന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് കാര്യം അറിയിച്ചപ്പോള്‍ ക്ലൈമാക്സില്‍ ചെറിയ മാറ്റം വരുത്താമെന്ന് അദ്ദേഹവും സമ്മതിച്ചു. അങ്ങനെയാണ് വിജയ് ഡേറ്റ് തരുന്നതും ആ സിനിമ നടക്കുന്നതും,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.


Content Highlight: Swargachithra Appachan Talks About Vijay And Friends Movie