സൂര്യ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു; ഇതറിയാതെ അന്ന് ആ വിജയ് ചിത്രത്തിലെ റോളിനായി ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി: സ്വര്‍ഗചിത്ര അപ്പച്ചന്‍
Entertainment
സൂര്യ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു; ഇതറിയാതെ അന്ന് ആ വിജയ് ചിത്രത്തിലെ റോളിനായി ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th March 2024, 5:06 pm

മലയാളത്തില്‍ വലിയ വിജയമായ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായിരുന്നു. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ബോക്സ് ഓഫീസില്‍ ഏകദേശം 11 കോടി രൂപ നേടി.

ഫ്രണ്ട്‌സ് പിന്നീട് അതേ പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രം തമിഴില്‍ നിര്‍മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു. വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവര്‍ ഒന്നിച്ച ഫ്രണ്ട്‌സ് വിജയ്‌യും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. വിജയ്‌യും സൂര്യയും അതിനുമുമ്പ് ഒന്നിച്ചത് നേര്‍ക്കുനേര്‍ എന്ന സിനിമയിലായിരുന്നു. സൂര്യയുടെ ആദ്യ ചിത്രമായിരുന്നു ഇത്.

ഫ്രണ്ട്‌സ് സിനിമയിലേക്ക് സൂര്യയെ കൊണ്ടുവരാനായി താരത്തിന്റെ അച്ഛനായ ശിവകുമാറിനെ കാണാന്‍ പോയതിനെ കുറിച്ച് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ നായകനായി വിജയ്യെ തീരുമാനിച്ചു. പിന്നെ അതില്‍ മുകേഷിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങളെ കണ്ടെത്തണമായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ശേഖര്‍ സാറാണ് ഒരു കാര്യം പറയുന്നത്, ലയോള കോളേജില്‍ സൂര്യയും വിജയ്യും ഒന്നിച്ചു പഠിച്ചതാണെന്ന്.

അതിന് മുമ്പ് നേര്‍ക്കുനേര്‍ എന്ന സിനിമയില്‍ സൂര്യ അഭിനയിച്ചിരുന്നു. ആ സിനിമ രണ്ട് ദിവസമോ മറ്റോ ഓടിയുള്ളു. അന്ന് അതിന് അവിടെയുള്ള വീക്കിലികളൊക്കെ അയാളെ ശക്തമായി വിമര്‍ശിച്ചു കളഞ്ഞു.

ശിവകുമാര്‍ സാറിന്റെ മകനാണോ ഇവന്‍ എന്ന് പലരും എഴുതി. ശിവകുമാര്‍ സാര്‍ വലിയ നടനാണ്, അയാള്‍ക്ക് ചീത്തപേര് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊരു മകന്‍ ജനിച്ചല്ലോ എന്നൊക്കെ പറഞ്ഞു. അവര്‍ ഇവന്‍ ഈ പണിക്ക് പറ്റില്ലെന്നൊക്കെ പറഞ്ഞിരുന്നു.

ഇത് സൂര്യക്ക് അന്ന് ഒരുപാട് ഫീലായി. സൂര്യ അതോടെ ഇനി താന്‍ അഭിനയിക്കില്ലെന്ന് ശപഥമെടുത്ത് സി.എ. പഠിക്കാന്‍ പോയി. ഇതൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഈ സമയത്താണ് ഞാനും ശേഖര്‍ സാറും ഒരു ദിവസം ശിവകുമാര്‍ സാറിന്റെ വീട്ടിലേക്ക് പോകുന്നത്,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.


Content Highlight: Swargachithra Appachan Talks About Suriya