|

പുതുമുഖം മതിയെന്ന് സംവിധായകന്‍; എന്റെ നിര്‍ബന്ധത്തില്‍ പരാജയ ചിത്രത്തില്‍ മമ്മൂക്ക നായകനായി: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച് മമ്മൂട്ടി നായകനായ ചിത്രമാണ് പൂവിന് പുതിയ പൂന്തെന്നല്‍. 1986ല്‍ പുറത്തിറങ്ങിയ ചിത്രം സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മിച്ചത്.

മമ്മൂട്ടിക്ക് പുറമെ സുരേഷ് ഗോപിയും ഒന്നിച്ച സിനിമ ബോക്‌സ് ഓഫീസ് പരാജയമായിരുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പൂവിന് പുതിയ പൂന്തെന്നലിനെ കുറിച്ച് സംസാരിക്കുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

‘ആ സിനിമ സാമ്പത്തികമായി വിജയിച്ചിരുന്നില്ല. അതിന്റെ പരാജയം കാരണമാണ് ഞാന്‍ അടുത്ത സിനിമ ചെയ്യുന്നത്. അത് പരാജയപ്പെട്ടത് സിനിമയുടെ കുഴപ്പം കൊണ്ടായിരുന്നില്ല. 1986ല്‍ ഒരു ഓണത്തിനാണ് സിനിമ റിലീസിന് എത്തിയത്. മമ്മൂട്ടിക്ക് അന്ന് ഒരേ ദിവസം അഞ്ച് സിനിമകള്‍ റിലീസിന് ഉണ്ടായിരുന്നു.

അതില്‍ ആവനാഴി വലിയ ഹിറ്റായി. ഒരു സിനിമ ഹിറ്റായാല്‍ ബാക്കി സിനിമകള്‍ ശ്രദ്ധിക്കില്ലല്ലോ. ഒരു സീസണില്‍ ഒരേ ഹീറോയുടെ അഞ്ച് സിനിമകള്‍ ഒരുമിച്ച് ഇറങ്ങുകയെന്നത് എവിടെയെങ്കിലും നടക്കുമോ. അന്ന് നമ്പര്‍ വണ്ണായിട്ട് മമ്മൂക്ക മാത്രമല്ലെയുള്ളു. മോഹന്‍ലാല്‍ കയറി വരുന്നതേ ഉണ്ടായിരുന്നുള്ളു.

പിന്നെ ആ സിനിമയില്‍ മമ്മൂക്കയെ ഹീറോയാക്കിയത് എന്റെ നിര്‍ബന്ധത്തിന് പുറത്താണ്. ഫാസില്‍ സാര്‍ പുതുമുഖങ്ങളെ കൊണ്ടുവരാമെന്ന് പറഞ്ഞതാണ്. പക്ഷെ എന്റെ മനസില്‍ അന്ന് ഒരു സിനിമ ചെയ്യണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ അവസാനം ചെറിയ സാമ്പത്തിക ക്ഷീണമുണ്ടായി. അന്ന് ഫാസില്‍ സാറും മമ്മൂക്കയുമാണ് സഹായിച്ചത്,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.


Content Highlight: Swargachithra Appachan Talks About Poovinu Puthiya Poonthennal Movie And Mammootty