മലയാള സിനിമയില്‍ വന്ന മികച്ച ഒരു കൂട്ടുക്കെട്ടായിരുന്നു ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരുടേത്. മൂവരും ഒന്നിച്ച് വന്‍ വിജയമായ ചിത്രമായിരുന്നു ഫ്രണ്ട്‌സ്. ബോക്സ് ഓഫീസില്‍ ഏകദേശം 11 കോടി രൂപ നേടിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് സിദ്ദിഖായിരുന്നു.
ഈ സിനിമ പിന്നീട് അതേ പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ക്ക് പകരം വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരായിരുന്നു തമിഴില്‍ ഒന്നിച്ചത്. ചിത്രം തമിഴില്‍ നിര്‍മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു.
ഫ്രണ്ട്സിന്റെ തമിഴ് തിയേറ്ററിലെത്തിയ ദിവസം സിനിമ കാണാന്‍ ആളുകള്‍ കുറവായിരുന്നെന്ന് പറയുകയാണ് അപ്പച്ചന്‍. അന്ന് സിനിമ പരാജയപ്പെട്ടു എന്ന് കരുതി വിജയ് തന്നെ കാണാന്‍ വന്നെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപ്പച്ചന്‍.
‘ഫ്രണ്ട്സ് സിനിമ ഇറങ്ങുമ്പോള്‍ കൂടെ വേറെ രണ്ട് സിനിമകളും ഉണ്ടായിരുന്നു. അജിത്തിന്റെയും വിജയകാന്തിന്റെയും പടങ്ങളായിരുന്നു അത്. പൊങ്കലിനായിരുന്നു ആ സിനിമകള്‍ ഇറങ്ങുന്നത്. എന്നാല്‍ അജിത്തിന്റെ പടത്തിനായിരുന്നു അന്ന് തിയേറ്ററില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നത്.
വിജയകാന്തിന്റ പടം സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു. ഫ്രണ്ട്‌സ് സിനിമ വരുമ്പോള്‍ സൂര്യയെ ആര്‍ക്കും അറിയില്ലായിരുന്നു. സൂര്യ എന്ന നടന്‍ അന്നില്ല. ഫ്രണ്ട്‌സ് വിജയ്‌യുടെ പടമെന്ന രീതിയിലാണ് ഇറങ്ങിയത്. ആദ്യ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നത് അജിത്തിന്റെ പടത്തിനാണ്.
രണ്ടാമത് വിജയകാന്തിന്റെ പടം. ഫ്രണ്ട്‌സ് കാണാന്‍ വരുന്നവര്‍ കുറവായിരുന്നു. സിദ്ദിഖ് അവിടുന്ന് നാട്ടിലേക്ക് വന്നിരുന്നു. ഞാന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അന്ന് വിജയ് നാല് മണിയോടെ എന്റെ ഫ്‌ളാറ്റിലേക്ക് കയറി വന്നു. ഞാനും എന്റെ ഡ്രൈവറും ഇരിക്കുമ്പോഴാണ് ആള് വരുന്നത്.
വിജയ് തല താഴ്ത്തി ഗ്ലൂമിയായി വന്നിരുന്നു. വിജയ് വലിയ വിഷമത്തിലായിരുന്നു. പടം ഫ്‌ളോപ്പായി സാര്‍ എന്നാണ് വിജയ് ആദ്യം പറഞ്ഞത്. ആരാണ് പടം ഫ്‌ളോപ്പായ കാര്യം പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ തിയേറ്ററുകാര്‍ പറഞ്ഞതാണെന്ന് വിജയ് മറുപടിയും പറഞ്ഞു.
ഞാന്‍ അത് കേട്ട് വിഷമിച്ചില്ല. കാരണം മുമ്പ് അനിയത്തിപ്രാവിന് ആളില്ലായിരുന്നു. ആദ്യ ദിവസം കൂവലുകള്‍ കിട്ടിയിരുന്നു. മണിച്ചിത്രത്താഴിനും പപ്പയുടെ സ്വന്തം അപ്പൂസിനും ആദ്യ ദിവസം അവിടെ വലിയ റെസ്‌പോന്‍സ് ഉണ്ടായിരുന്നില്ല.
അത്തരത്തില്‍ കുറേ സിനിമകള്‍ക്ക് ആദ്യ ദിവസം ആളുകള്‍ വന്നിരുന്നില്ല. ഒപ്പം ചിലതിന് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് കയറി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.
ഞാന്‍ അപ്പോള്‍ വിജയ്‌യോട് സംസാരിച്ചു. ഇന്ന് വെള്ളിയാഴ്ച്ചയല്ലേ, ഇന്നും നാളെയും ഞായറാഴ്ച്ചയും വിട്ടേക്ക്. അത് കഴിഞ്ഞാല്‍ ഫ്രണ്ട്‌സ് കാണാന്‍ ആളുകള്‍ വരുമെന്ന് ഞാന്‍ പറഞ്ഞു.
അപ്പോഴും അജിത്തിന്റെയും വിജയകാന്തിന്റെയും പടത്തിന് നിറയെ ആളുകളുണ്ട് നമ്മുടെ പടത്തിന് ആളെവിടെ എന്നാണ് വിജയ് ചോദിച്ചത്. ആളുകള്‍ വരുമെന്ന് പറഞ്ഞിട്ടും വിജയ് വയലന്റാകാന്‍ തുടങ്ങി. വയലന്റല്ല, എന്നാല്‍ ബഹുമാനം വെച്ചിട്ട് അവന്റെ സങ്കടം പറയുകയാണ്,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.
Content Highlight: Swargachithra Appachan Talks About Friends Tamil Remake